കറുകുറ്റി പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യാതെ പുതിയ അങ്കണവാടി
കുഞ്ഞുങ്ങള്‍ പഠിക്കുന്നത് ചോര്‍ന്നൊലിക്കും കെട്ടിടത്തില്‍

അങ്കമാലി
കറുകുറ്റി പഞ്ചായത്ത് 17–-ാം വാർഡിൽ പുതിയ അങ്കണവാടിക്കെട്ടിടം പണിതിട്ടും ഉദ്ഘാടനം ചെയ്യാതെ പഞ്ചായത്ത് ഭരണസമിതി. പുതിയ കെട്ടിടം നിര്‍മിച്ച് ഒമ്പതുമാസമായിട്ടും വൈദ്യുതികണക്‌ഷൻ, വാട്ടർ കണക്‌ഷൻ എന്നിവ ലഭ്യമാക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പിയുടെ വാര്‍ഡില്‍ത്തന്നെയാണ് പുതിയ കെട്ടിടവും നിര്‍മിച്ചത്. കോൺഗ്രസിനകത്ത് നടക്കുന്ന വടംവലികൾമൂലം ഉദ്ഘാടനം വൈകിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ക്രിസ്തുരാജ ആശ്രമ (കൊവേന്ത) ദേവാലയം അങ്കണവാടിക്ക് സൗജന്യമായി നല്‍കിയ ഭൂമിയില്‍ 2024-ലാണ് പുതിയകെട്ടിടം നിർമിച്ചത്.
നിലവില്‍ വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ശുചിമുറി, ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യം എന്നിവ ഈ ഒറ്റമുറി കെട്ടിടത്തില്‍ ഇല്ല. മഴ പെയ്താല്‍ ചോരുന്ന കെട്ടിടത്തിനുമുകളില്‍ ഷീറ്റ് വലിച്ചുകെട്ടിയിരിക്കുകയാണ്. അങ്കണവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ (സിഐടിയു) പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. നടപടി സ്വീകരിക്കാത്തപക്ഷം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് എല്‍ഡിഎഫ്.









0 comments