കർഷകഭേരി ആറാം ഘട്ടത്തിലേക്ക് ; 10,001 അടുക്കളത്തോട്ടം ഒരുക്കും

കാലടി
കർഷകസംഘം അങ്കമാലി ഏരിയ കമ്മിറ്റിയുടെ കർഷകഭേരി വിജയകരമായ ആറാംഘട്ടത്തിലേക്ക്. വിഷരഹിത പച്ചക്കറി ഉൽപ്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 10,001 അടുക്കളത്തോട്ടമൊരുക്കും.
കൃഷിരീതികളെക്കുറിച്ചുള്ള അറിവ് പകർന്ന 60 ക്ലാസുകൾ നൽകി. രണ്ടാംഘട്ടംമുതൽ സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ സംഘടനകളെയും ചേർത്തു. ആറാംഘട്ടത്തിൽ തൊഴിലുറപ്പുതൊഴിലാളി സംഘടനയും ചേർന്നു. അങ്കമാലിയിൽ നെൽക്കൃഷി 600 ഏക്കറിലേക്ക് വ്യാപിപ്പിച്ചത് പദ്ധതിയുടെ വിജയമായി. 110 ഏക്കറിൽ പച്ചക്കറിക്കൃഷിയും 20 ഏക്കറിൽ പൂക്കൃഷിയും 175 ഏക്കറിൽ സംയോജിതകൃഷിയും നടത്തി. 2500 ഞാലിപ്പൂവൻ വാഴ നട്ടു. പൊതുയിടങ്ങളിൽ 1001 വേപ്പില തോട്ടവും 1001 പച്ചമുളകുതോട്ടവും 1500 അടുക്കളത്തോട്ടവും 1500 നേത്രവാഴ തോട്ടവും ഒരുക്കി.
ആറാംഘട്ടത്തിൽ 10,001 അടുക്കളത്തോട്ടമാണ് ലക്ഷ്യമിടുന്നത്. അടുക്കളത്തോട്ട പദ്ധതിയുടെ ഏരിയതല ഉദ്ഘാടനം കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാറാണ് നിർവഹിച്ചത്.
കിസാൻസഭ കേന്ദ്ര കമ്മിറ്റി അംഗം കെ തുളസി, ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു, ഏരിയ സെക്രട്ടറി കെ പി റെജീഷ്, കർഷകസംഘം ഏരിയ പ്രസിഡന്റ് സി എൻ മോഹനൻ, ഏരിയ സെക്രട്ടറി പി അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് കർഷകഭേരിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.









0 comments