കണ്ണമാലിയിൽ ടെട്രാപോഡ് നിർമാണം ഉടൻ : റോഷി അഗസ്റ്റിൻ

പള്ളുരുത്തി
കണ്ണമാലിയിലെ ടെട്രാപോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിർമാണം ആരംഭിക്കാനുള്ള നിയമതടസ്സങ്ങളെല്ലാം നീക്കിയതായും കണ്ണമാലിയിലെത്തിയ മന്ത്രി പറഞ്ഞു.
തീരശോഷണം നേരിടുന്നതിൽ സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകിയത് ചെല്ലാനം പഞ്ചായത്തിനാണ്. ആദ്യഘട്ടത്തിൽ ചെല്ലാനത്ത് 10 കിലോമീറ്ററോളം കടൽഭിത്തി നിർമിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, ആവശ്യമായ തുക ലഭിക്കാതെവന്നപ്പോഴാണ് പുത്തൻതോടുവച്ച് നിർമാണം അവസാനിപ്പിച്ചത്. സംസ്ഥാന സർക്കാർ കണ്ടെത്തിയ ഹോട്ട്സ്പോട്ടുകളിൽ എല്ലാംതന്നെ കടൽഭിത്തി നിർമിക്കാനാണ് ശ്രമം. ഇതിനായി ലോക ബാങ്കിൽനിന്ന് ഉൾപ്പെടെ പണം കണ്ടെത്തും. പദ്ധതികൾക്കായി 4013 കോടിയോളം രൂപ ചെലവ് വരുമെന്നും മന്ത്രി പറഞ്ഞു. കണ്ണമാലിയിലെ നിർമാണപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തും. തീരസംരക്ഷണത്തോടൊപ്പം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ ടൂറിസം സ്പോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് പദ്ധതി വിശദീകരിച്ച് മന്ത്രി പറഞ്ഞു.
കെ ജെ മാക്സി എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എ പീറ്റർ, ടി വി അനിത, ഏരിയ സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ, കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി എം എം ഫ്രാൻസിസ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ എൽ ജോസഫ്, ടി ജെ പ്രിൻസൻ, വി ജെ നിക്സൻ, എ എം ഷാജി, പി ബി ദാളോ, മേരി ഹർഷ, ഫാ. ജോണി സേവ്യർ, ഫാ. ജോപ്പൻ അണ്ടിശേരി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.









0 comments