പ്രതിയുമായി തെളിവെടുത്തു; രോഷംപൂണ്ട് ജനക്കൂട്ടം

പുത്തൻകുരിശ്
മൂഴിക്കുളം പാലത്തിൽനിന്ന് പുഴയിലെറിഞ്ഞ് അമ്മ കൊലപ്പെടുത്തിയ നാലുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയുമായി തെളിവെടുപ്പ്. കുട്ടിയുടെ പിതൃസഹോദരനെ തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരും രോഷാകുലരായി. കൈയേറ്റം ചെയ്യാനും മുതിർന്നു. പൊലീസ് വളരെ പണിപ്പെട്ടാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
ഞായർ പകൽ 3.30 ഓടെ കനത്ത പൊലീസ് കാവലിലാണ് പ്രതിയെ എത്തിച്ചത്. മുഖം മറച്ചിരുന്നു. സ്ത്രീകളടക്കമുള്ളവർ ആക്രോശിച്ച് ഓടിയടുത്തു. പീഡനം നടന്ന മുറി പ്രതി കാണിച്ചുകൊടുത്തു. പ്രതിഷേധവും ആക്രമണഭീഷണിയും കണക്കിലെടുത്ത് അതിവേഗം
തെളിവെടുപ്പ് പൂർത്തിയാക്കി
സംഘം മടങ്ങി. പ്രതിയുടെ സഹോദരന്മാരിൽ ഒരാൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
രാവിലെ പ്രതിയെ കുട്ടിയുടെ അമ്മ കസ്റ്റഡിയിലുള്ള ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ഇരുവരേയും ഒപ്പമിരുത്തി ചോദ്യംചെയ്തു. മുമ്പുപറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് അമ്മ ചെയ്തത്. പ്രതിക്ക് കുട്ടിയുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ ആവർത്തിച്ചു. പ്രതി വീട്ടിലുള്ളപ്പോഴെല്ലാം കുട്ടി അയാളൊടൊപ്പമായിരുന്നു. പീഡനത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നും അമ്മ പറഞ്ഞു. ഇവരുടെ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. തിങ്കളാഴ്ച പിതൃസഹോദരനെ മൂവാറ്റുപുഴ പോക്സോ കോടതിയിൽ ഹാജരാക്കും.









0 comments