844 കുടുംബങ്ങൾക്ക് വീടെവിടെ ; ലൈഫ് പദ്ധതി അട്ടിമറിച്ച് കളമശേരി നഗരസഭ

കളമശേരി ബി ടി ആർ മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ എൽഡിഎഫ് കളമശേരി മണ്ഡലം സെക്രട്ടറി കെ ബി വർഗീസ് സംസാരിക്കുന്നു
കളമശേരി
കളമശേരി നഗരസഭയിൽ ഭൂ–-ഭവന രഹിതർക്കുള്ള ലൈഫ് പദ്ധതിയിൽ വീടുനിർമാണം ആരംഭിക്കുംവരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ്. ലൈഫ് പദ്ധതിക്ക് നീക്കിവച്ച 71 ലക്ഷം രൂപ വകമാറ്റി ചെലവഴിക്കാൻ യുഡിഎഫ് ഭരണസമിതി കൗൺസിൽ യോഗത്തിൽ നടത്തിയ നീക്കം പ്രതിപക്ഷ അംഗങ്ങൾ ചെറുത്തിരുന്നു. പദ്ധതി ഭൂമി ഡാറ്റാ ബാങ്കിൽനിന്ന് നീക്കംചെയ്ത വിവരം കൗൺസിൽ യോഗത്തിൽ മറച്ചുവച്ച് തുടർനടപടി സ്വീകരിക്കാതിരുന്നതായും എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നഗരസഭയിൽ ലൈഫ് ഭവനപദ്ധതിക്ക് അപേക്ഷിച്ച 844 കുടുംബങ്ങളുണ്ട്. പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ല. നഗരസഭ പദ്ധതി ഏറ്റെടുക്കാൻ 2020 ജനുവരിയിൽ കുടിൽകെട്ടി സമരമുൾപ്പെടെ എൽഡിഎഫ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഒത്തുതീർപ്പ് വ്യവസ്ഥപ്രകാരം എച്ച്എംടി കോളനി പ്രദേശത്ത് നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ പദ്ധതി നടപ്പാക്കാൻ ധാരണയായി. എന്നാൽ, 2023ലാണ് രണ്ട് ഏക്കറോളം ഭൂമി പദ്ധതിക്കായി ഡാറ്റാ ബാങ്കിൽനിന്ന് നീക്കാൻ അപേക്ഷ നൽകിയത്.
മുൻഗണനാവിഭാഗത്തിൽ പരിഗണിക്കാനുള്ള കൗൺസിൽ പ്രമേയമോ ലൈഫ് പദ്ധതിക്കായാണ് തരംമാറ്റുന്നതെന്ന വിവരങ്ങളോ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തിയില്ല. മന്ത്രി പി രാജീവിന്റെ ഓഫീസിൽനിന്ന് ഇടപെട്ടതോടെയാണ് ഡാറ്റാ ബാങ്കിൽനിന്ന് ഭൂമി നീക്കി മെയ് 30ന് ഉത്തരവിറങ്ങിയത്. എന്നാൽ, തുടർനടപടി സ്വീകരിക്കാതെ വിവരം പൂഴ്ത്തിവയ്‌ക്കാനാണ് നഗരസഭാ ഉദ്യോഗസ്ഥരും ഭരണസമിതിയും ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ഗുണഭോക്താക്കളെ ഉൾപ്പെടുത്തി പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുന്നത്. എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നഗരസഭാ ഓഫീസ് മാർച്ച് നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എൽഡിഎഫ് കളമശേരി മണ്ഡലം സെക്രട്ടറി കെ ബി വർഗീസ്, കളമശേരി മുനിസിപ്പൽ സെക്രട്ടറി പി എം മുജീബ് റഹ്മാൻ, കെ കെ ശശി, കെ എം ഇസ്മയിൽ, എ ടി സി കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.









0 comments