കളമശേരി നഗരസഭ ; ലൈഫിൽ കൈപൊള്ളിയ യുഡിഎഫ് സമരനാടകവുമായി രംഗത്ത്

Kalamassery Muncipality
വെബ് ഡെസ്ക്

Published on Aug 15, 2025, 03:14 AM | 1 min read


കളമശേരി

കളമശേരി നഗരസഭയിൽ ലൈഫ് പദ്ധതി അട്ടിമറിക്കാൻ നടത്തിയ ഗൂഢനീക്കങ്ങൾ വെളിവായതോടെ മുഖം രക്ഷിക്കാൻ സമരനാടകവുമായി യുഡിഎഫ് രംഗത്ത്. പദ്ധതിക്കെതിരെ യുഡിഎഫ് നടത്തിയ ഓരോ നീക്കവും തിരിച്ചറിഞ്ഞ് ഗുണഭോക്താക്കളെ അണിനിരത്തി നിരന്തരസമരം നടത്തിയാണ് പദ്ധതി പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയത്.


പദ്ധതിക്ക് എണ്ണൂറിലേറെ ഗുണഭോക്താക്കളാണുള്ളത്. ഇവർ കാര്യം മനസ്സിലാക്കിയെന്ന് ബോധ്യപ്പെട്ടതോടെയാണ് കഴിഞ്ഞദിവസം യുഡിഎഫ് അനുകൂല മാധ്യമങ്ങളെ മാത്രമറിയിച്ച് വില്ലേജ് ഓഫീസിൽ സമരനാടകമാടിയത്.


വീടും സ്ഥലവുമില്ലാത്തവർക്ക് കിടപ്പാടം നൽകാൻ നഗരസഭയുടെ കൈവശമുള്ള ഭൂമി നൽകാതിരുന്നപ്പോൾ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് 2020 ജനുവരിയിൽ എൽഡിഎഫ് കുടിൽകെട്ടി സമരം നടത്തി. എച്ച്എംടി കോളനിയിലെ ഭൂമി പദ്ധതിക്കായി ഉപയോഗിക്കാമെന്ന ധാരണയിലാണ് സമരം അവസാനിച്ചത്. തുടർനടപടി വേഗത്തിലാക്കണമെന്ന ധാരണയുമുണ്ടായിരുന്നു. എന്നാൽ, യുഡിഎഫ് ഭരണസമിതി 2023 മാർച്ചിലാണ് ഭൂമി തരംമാറ്റാൻ റവന്യു വിഭാഗത്തിൽ അപേക്ഷ നൽകിയത്.

അപേക്ഷയ്ക്ക് മുൻഗണന ലഭിക്കാൻ ആവശ്യം വ്യക്തമാക്കണം. എന്നാൽ, ആവശ്യം വ്യക്തമാക്കാതെയാണ് അപേക്ഷ നൽകിയത്.


2025 മെയ് 30ന് ഭൂമി ഡാറ്റ ബാങ്കിൽനിന്ന് നീക്കംചെയ്ത ഉത്തരവിറങ്ങിയിരുന്നു. എങ്കിലും അതിൽ തുടർനടപടി സ്വീകരിച്ചില്ല. ജൂലൈ 10ന്റെ കൗൺസിൽ യോഗത്തിൽ ഇത് മറച്ചുവച്ച് ലൈഫ് പദ്ധതിക്ക് നീക്കിവച്ച തുക വകമാറ്റി ചെലവഴിക്കാൻ ഭരണസമിതി ശ്രമിച്ചു. പ്രതിപക്ഷം ചെറുത്തുനിൽപ്പ്‌ നടത്തി ഇത് തടഞ്ഞു.


ഡാറ്റാബാങ്കിൽനിന്ന് നീക്കംചെയ്ത ഉത്തരവിറങ്ങി 60 ദിവസത്തിനകം ഏഴാം നമ്പർഫോമിൽ അപേക്ഷ നൽകിയാലെ അപേക്ഷയ്ക്ക് സീനിയോറിറ്റി ലഭിക്കൂ. നിശ്ചിതദിവസത്തിനകം അപേക്ഷിച്ചില്ലെങ്കിൽ തരംമാറ്റി ലഭിക്കാൻ വീണ്ടും വർഷങ്ങളെടുക്കും. ഈ സാഹചര്യത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ ഗുണഭോക്താക്കൾ വീണ്ടും സമരം നടത്തി.


വലിയ സമ്മർദങ്ങൾക്കൊടുവിൽ ജൂലൈ 20ന് (50–-ാംദിവസം) ഫോം ഏഴിൽ നഗരസഭ അപേക്ഷ നൽകി. ബുധനാഴ്ചയോടെ തരംമാറ്റാനുള്ള ഫീസ് അടയ്ക്കാൻ ഫയലിൽ ഉത്തരവായത് അറിഞ്ഞാണ് ഏതാനും യുഡിഎഫ് കൗൺസിലർമാർ വില്ലേജ് ഓഫീസിൽ സമരനാടകം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home