നഗരസഭാ പകൽവീട് ; സിപിഐ എം പരാതിയിൽ നടപടി , 
അമിതവിലയ്ക്ക് സ്ഥലം വാങ്ങില്ല

Kalamassery Muncipality
വെബ് ഡെസ്ക്

Published on Oct 06, 2025, 03:15 AM | 1 min read


കളമശേരി

സിപിഐ എം പരാതി നൽകിയതോടെ കളമശേരി നഗരസഭാ പകൽവീടിന് 42-–ാം വാർഡിൽ അമിതവിലയ്ക്ക് സ്ഥലമെടുക്കാനുള്ള നീക്കത്തിൽനിന്ന് ഭരണകക്ഷി പിന്മാറി. വാഹനസൗകര്യമില്ലാത്ത സ്ഥലം, ഉടമ ആവശ്യപ്പെട്ടതിലുമധികം വില നൽകി വാങ്ങാനുള്ള നീക്കത്തിനെതിരെ സെപ്തംബർ 24ന് സിപിഐ എം നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം നടന്ന കൗൺസിൽ യോഗത്തില്‍ സ്ഥലമെടുപ്പിൽനിന്ന് പിന്മാറാൻ തീരുമാനിച്ചത്. ഇതോടെ സ്ഥലമെടുപ്പിന് മുൻകൈയെടുത്ത കൗൺസിലർ മുന്നണിക്കകത്ത് ഒറ്റപ്പെട്ടു.


​പദ്ധതിവിഹിതവും തനത് ഫണ്ടുമുൾപ്പെടെ 67 ലക്ഷം രൂപയാണ് പകൽവീടിനായി വകയിരുത്തിയത്. പദ്ധതി ഉപേക്ഷിച്ചതോടെ തുക മറ്റ് പദ്ധതികൾക്ക് വിനിയോഗിക്കും.

​കൗൺസിൽ യോഗ അജൻഡയിലേക്ക് കടക്കുന്നതിനുമുന്പുതന്നെ പ്രതിപക്ഷം സ്ഥലമെടുപ്പുകാര്യം അവതരിപ്പിച്ചു. 41-–ാം വാർഡ് കൗൺസിലർ സലിം പതുവന, 47 ലക്ഷം രൂപ ആവശ്യപ്പെട്ട് ഉടമ സ്ഥലംവിൽക്കാൻ പരസ്യം നൽകിയ കാര്യം സഭയിൽ ഉന്നയിച്ചു.


42–ാം വാർഡ് കൗൺസിലർ മുൻകൈയെടുത്താണ് സ്ഥലക്കച്ചവടം ഉറപ്പിച്ചതെന്നും വലിയ അഴിമതിയാണ് ലക്ഷ്യമെന്നും പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞദിവസം കോൺഗ്രസ് പാർലമെന്ററി പാർടിയോഗം നടന്നതായും 42-–ാം വാർഡ് കൗൺസിലർക്കെതിരെ ഗുരുതര ആരോപണമുയർന്നതായും അറിയുന്നു. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ കൗൺസിലർ ഹാജരായിരുന്നുമില്ല. സ്ഥലമെടുപ്പിൽനിന്ന് പിന്മാറിയതോടെ സിപിഐ എം ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് ടി എ അസൈനാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home