കളമശേരി നഗരസഭ
ജനശ്രദ്ധ തിരിച്ചുവിടാൻ ഭരണസമിതി ; പ്രഹസനമായി വാർത്താസമ്മേളനം

കളമശേരി
കളമശേരി നഗരസഭയുടെ 2.30 കോടി രൂപ കാണാതായ സംഭവം പുറത്തുകൊണ്ടുവന്ന ദേശാഭിമാനി വാർത്തയ്ക്ക് വിശദീകരണം നൽകാൻ ഭരണസമിതി വിളിച്ചുചേർത്ത വാർത്താസമ്മേളനം പ്രഹസനമായി. ബാങ്കിൽ നിക്ഷേപിച്ച തുക കാണാനില്ലെന്ന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലാണ് ദേശാഭിമാനി വാർത്തയാക്കിയത്. എന്നാൽ, നഗരസഭയെയും കൗൺസിലർമാരെയും അപകീർത്തിപ്പെടുത്താനാണ് വാർത്ത നൽകിയതെന്നായിരുന്നു ചെയർപേഴ്സൺ സീമ കണ്ണനും കൗൺസിലർ ജമാൽ മണക്കാടനും നൽകിയ വിശദീകരണം.
2010 മുതൽ ബാങ്കിൽ നിക്ഷേപിച്ചതായി കാണിച്ച 2.30 കോടി രൂപയാണ് അക്കൗണ്ടിൽ കാണാതായത്. എന്നാൽ 2010ൽ പണം കാണാതായത്, 2024 ഏപ്രിലിൽമാത്രം നടപ്പാക്കിയ കെ–-സ്മാർട്ട് സോഫ്റ്റ്‌വെയർ കാരണമാണെന്നായിരുന്നു ഭരണനേതൃത്വത്തിന്റെ വിശദീകരണം. 2023–--24 വർഷത്തെ ഓഡിറ്റ് രേഖയിലാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സാധാരണ നിലയിൽ പണവും കണക്കും കൈകാര്യംചെയ്ത ഉദ്യോഗസ്ഥരെമാത്രം ബാധിക്കുന്നതാണ് ഓഡിറ്റ് പരാമർശം. എന്നാൽ, വസ്തുത വിശദീകരിക്കാൻ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരാരും പങ്കെടുത്തില്ല. വാർത്താസമ്മേളനത്തിലുടനീളം ചെയർപേഴ്സണെ നോക്കുകുത്തിയാക്കി ജമാൽ മണക്കാടനാണ് സംസാരിച്ചത്.
ജനങ്ങൾ നൽകിയ നികുതിപ്പണം കാണാനില്ലെന്ന ഓഡിറ്റ് പരാമർശത്തിൽ എന്തിനാണ് രാഷ്ട്രീയനേതൃത്വം അങ്കലാപ്പിലാകുന്നതെന്ന് മാധ്യമപ്രതിനിധികൾ ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. അതേസമയം, പണം നഷ്ടപ്പെട്ട സംഭവത്തിൽ പുകമറ സൃഷ്ടിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് കെപിസിസി നിർവാഹകസമിതി അംഗംകൂടിയായ ജമാൽ മണക്കാടൻ വാർത്താസമ്മേളനത്തിൽ നടത്തിയത്.








0 comments