കളമശേരി നഗരസഭ ബാങ്കില്‍ നിക്ഷേപിച്ച 2.3 കോടി രൂപ ‘കാണാനില്ല'

കളമശേരി
കളമശേരി നഗരസഭ 2010 മുതൽ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായി രേഖപ്പെടുത്തിയ 2.3 കോടി രൂപ (2,30,64,287) കാണാനില്ല. രേഖകളില്‍ പണം നിക്ഷേപിച്ചതായി ഉണ്ടെങ്കിലും തുക ബാങ്കിലെത്തിയില്ലെന്നാണ് ഓഡിറ്റിങ്ങിലെ കണ്ടെത്തൽ. 2023–-2024 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് നഗരസഭയുടെ ഗുരുതര വീഴ്ച കണ്ടെത്തിയത്. നഗരസഭാ രേഖകളിൽ, ചെക്കുകൾ വഴിയും രസീത് വഴിയും ബാങ്കിൽ പണം നിക്ഷേപിച്ചതായി കാണിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിൽ തുക വരവ് വച്ചിട്ടില്ല.
എസ്ബിഐയിൽ 2010 ഏപ്രിൽ 16 മുതൽ 2024 ജനുവരി 19 വരെ 29 ചെക്കുകൾ വഴി നിക്ഷേപിച്ച 11,08,237 രൂപയും എസ്ബിടി റഗുലർ പെൻഷൻ അക്കൗണ്ടിൽ രസീത് വഴി നിക്ഷേപിച്ച 11,01,496 രൂപയും അക്കൗണ്ടിൽ വന്നിട്ടില്ല. എച്ച്ഡിഎഫ്സി ബാങ്കിൽ കഴിഞ്ഞവർഷം ജനുവരിയിൽ രണ്ട് ചെക്കുകൾ വഴി നിക്ഷേപിച്ച 4881 രൂപയും വരവ് വന്നതായി കാണുന്നില്ല.
ഫെഡറൽ ബാങ്കിൽ 2023 ആഗസ്‌ത് എട്ടുമുതൽ നിക്ഷേപിച്ച 2,08,49,673 രൂപയും കണക്കിലില്ലെന്നാണ് ഓഡിറ്റ് കണ്ടെത്തൽ. ഈ ഇനത്തിൽ ആകെ 2,30,64,287 രൂപയുടെ നഷ്ടമാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ഇക്കാലയളവിൽ തുടർച്ചയായി യുഡിഎഫ് ഭരണത്തിലായിരുന്നു കളമശേരി നഗരസഭ.








0 comments