കളമശേരിയിൽ കാമറ സ്ഥാപിച്ചതിൽ അഴിമതിയെന്ന് ആരോപണം

കളമശേരി
കളമശേരി നഗരസഭയിൽ 42 ലക്ഷം രൂപ ചെലവിൽ നിരീക്ഷണ കാമറ സ്ഥാപിച്ചതിൽ അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിച്ചു. രാത്രിയിലും ദൃശ്യമികവോടെ ചിത്രങ്ങൾ ലഭിക്കുമെന്ന് അവകാശപ്പെട്ട് സ്ഥാപിച്ച 84 കാമറകളിൽ പലതും കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കെ കെ ശശി ആരോപിച്ചു.
രാത്രിയിൽ കാമറയ്ക്കുമുന്നിൽ മാലിന്യം തള്ളുന്ന വാഹനത്തിന്റെപോലും നമ്പർ പതിയുന്നില്ല. പൊലീസ് സ്റ്റേഷനിൽ മോണിറ്റർ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. കരാറുകാരനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന് വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. തെരുവുവിളക്ക് സ്ഥാപിക്കാൻ കരാറെടുത്തയാൾ ഉദ്യോഗസ്ഥരും കൗൺസിലർമാരും വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്ന് ആരോപണമുയർന്നു. അഞ്ചുകോടി രൂപയ്ക്കാണ് കരാറെടുത്തത്. സ്ഥാപിച്ച ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല. ഇയാളുമായുള്ള കരാർ അവ്യക്തമാണെന്ന് മുനിസിപ്പൽ എൻജിനിയർ പറഞ്ഞു. ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കാൻ കൗൺസിൽ നിർദേശിച്ചു.
ഭരണകക്ഷിയംഗങ്ങൾ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനെതിരെ രംഗത്തുവന്നു. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുന്നില്ല, ഹരിതകർമസേനയുടെ മാലിന്യമെടുക്കുന്ന വാഹനങ്ങൾ കൃത്യമായി ഓടുന്നില്ല, ഗുരുതര ക്രമക്കേട് കണ്ട് ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുക്കുമ്പോൾ ഹോട്ടലുകളുടെ പേര് സ്വകാര്യമാക്കിവയ്ക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നത്.








0 comments