കൃഷിയും കർഷകരും സമൂഹത്തിന്റെ നട്ടെല്ല് : പൃഥ്വിരാജ്

കളമശേരി
രാഷ്ട്രീയവും സിനിമയുമെല്ലാം വാർത്തകളിൽനിറയുന്ന കാലത്ത്, കർഷകരെയും കാർഷിക മേഖലയെയും കേന്ദ്രീകരിച്ച് മണ്ഡലത്തിൽ ഇത്തരത്തിൽ മേള സംഘടിപ്പിക്കുന്നത് അഭിനന്ദനാർഹമാണെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞു. ചാക്കോളാസ് പവലിയനിൽ ആരംഭിച്ച കളമശേരി കാർഷികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികമേളകൾ ഓർമപ്പെടുത്തൽകൂടിയാണ്. കൃഷിക്ക് അനുയോജ്യമായ ഭൂമി കുറഞ്ഞുവരികയും ജനസാന്ദ്രത കൂടുകയും ചെയ്യുന്ന ഭാവിയിലേക്കാണ് നീങ്ങുന്നത്. കൃഷിയും കർഷകരും സമൂഹത്തിന്റെ നട്ടെല്ലാണ്. മികച്ച കാർഷികരീതികളും കഴിവുറ്റ കർഷകരെയും വാർത്തെടുക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതി രാഷ്ട്രീയഭേദമില്ലാതെ നാട് ഏറ്റെടുത്തതിന്റെ തെളിവാണ് കാർഷികരംഗത്ത് മണ്ഡലത്തിലുണ്ടായ ഉണർവെന്ന് ചടങ്ങിൽ അധ്യക്ഷനായ വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. തരിശിട്ട 1000 ഏക്കിറിൽ നെൽക്കൃഷിയും 1200 ഏക്കറിൽ പച്ചക്കറിക്കൃഷിയുമിറക്കി. വിപണിവരെയുള്ള കൃഷിയുടെ ഓരോഘട്ടത്തിലും വലിയ ഇടപെടൽ നടത്താനായി. കൂൺ, കൂവ തുടങ്ങിയവ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കി. വിസ്മൃതിയിലാണ്ട ആലങ്ങാട് ശർക്കരയ്ക്കായി കരിമ്പുകൃഷി വീണ്ടെടുക്കാനായതായും മന്ത്രി പറഞ്ഞു.









0 comments