കളമശേരിക്ക് ഇനി ഉത്സവകാലം
കളമശേരി കാര്‍ഷികോത്സവത്തിന് തുടക്കം ; ഇളക്കിമറിച്ച് ഘോഷയാത്ര

കളമശേരി
‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയിൽ നടക്കുന്ന മൂന്നാമത് കാർഷികോത്സവ വിളംബരമായി സംഘടിപ്പിച്ച ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. ചൊവ്വ വൈകിട്ട് നാലോടെ സൗത്ത് കളമശേരിയിൽ മുനിസിപ്പൽ ഓഫീസിനു മുന്നിലേക്ക് നാടാകെ ഒഴുകിയെത്തി.
കുസാറ്റ് കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനിയറിങ്ങിന്റെ ബാൻഡ്‌മേളം പഞ്ചവാദ്യം, മാവേലി, തെയ്യങ്ങൾ, കഥകളിവേഷങ്ങൾ, പുലിക്കളി, കാവടിയാട്ടം എന്നിവ ഘോഷയാത്രയ്‌ക്ക് മാറ്റുകൂട്ടി. മന്ത്രി പി രാജീവ് ഉൾപ്പെടെയുള്ള സംഘാടകസമിതി മുന്നിൽ അണിനിരന്നു. തുടർന്ന് കുന്നുകര, കരുമാല്ലൂർ, ആലങ്ങാട്, കടുങ്ങല്ലുർ പഞ്ചായത്തകൾ, ഏലൂർ, കളമശേരി നഗരസഭകൾ എന്ന ക്രമത്തിൽ പ്രത്യേക ബാനറിനുപിന്നിൽ ജനപ്രതിനിധികളും കർഷകരും നാട്ടുകാരും പങ്കെടുത്തു. വൈകിട്ട് ആറോടെ നോർത്ത് കളമശേരി ചാക്കോളാസ് പവലിയനിലേക്ക് പ്രവേശിച്ച ഘോഷയാത്രയെ, ‘കൃഷിക്കൊപ്പം കളമശേരി’യുടെ പ്രതീകമായി മാറിയ ജൈവനാടക സംഘം ‘കടമ്പൻ മൂത്താൻ' സ്വീകരിച്ചു.
കളമശേരിക്ക് ഇനി ഉത്സവകാലം
ചാക്കോളാസ് പവിലിയനിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി നടൻ പൃഥ്വിരാജ് കളമശേരി കാർഷികാേത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനായി. പി രാജീവിന്റെ സ്നേഹവീട് പദ്ധതിയിൽ ഉൾപ്പെട്ട രണ്ടു വീടുകളുടെ താക്കോൽ കരുമാല്ലൂർ തട്ടാംപടിയിൽ അംബിക ശ്രീധരനും ഏലൂർ പാതാളത്ത് കുരീക്കാട്ടിൽ ലൈല ബഷീറിനും പൃഥ്വിരാജ് കൈമാറി.
കലക്ടർ ജി പ്രിയങ്ക, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ഏലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ ജയചന്ദ്രൻ, മാഞ്ഞാലി സഹകരണ ബാങ്ക് പ്രസിഡന്റ് പി എ സക്കീർ, സംഘാടകസമിതി ചെയർമാൻ വി എം ശശി, കൃഷിക്ക് ഒപ്പം കളമശേരി കോ– ഓർഡിനേറ്റർ എം പി വിജയൻ എന്നിവർ സംസാരിച്ചു.









0 comments