ഓണപ്പൂരമൊരുക്കി കാർഷികോത്സവം
 കൊടിയിറങ്ങി

Kalamassery Karshikolsavam
വെബ് ഡെസ്ക്

Published on Sep 03, 2025, 02:49 AM | 1 min read

കളമശേരി ​

ഓണാവേശം വാനോളമുയർത്തി കളമശേരി കാർഷികോത്സവത്തിന് മത്സരാവേശത്തോടെ കൊട്ടിക്കലാശം. സമാപന ദിവസമായ ചൊവ്വാഴ്ച കാർഷികോത്സവ നഗരിയിൽ നടന്ന വടംവലി, പൂക്കളം, പാചക മത്സരങ്ങൾ ആവേശം ഇരട്ടിപ്പിച്ചു. ​ആഗസ്ത് 26ന്‌ ആരംഭിച്ച കാർഷികോത്സവത്തിൽ ചലച്ചിത്ര താരങ്ങൾ, ജനപ്രതിനിധികൾ, പ്രമുഖ മ്യൂസിക് ബാൻഡുകൾ, ബിസിനസ് ബ്രാൻഡുകൾ, കർഷക നേതാക്കൾ, വിവിധ മേഖലകളിലെ പ്രതിഭകൾ എന്നിവർ പങ്കാളികളായി. ​


കാർഷികോൽസവത്തിനായി സജ്ജീകരിച്ച 132 സ്റ്റാളുകളിൽ മികച്ച ഓണ വിൽപ്പന നടന്നു. കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ ഉൽപ്പാദിപ്പിച്ച കാർഷിക വിളകളുടെ വിൽപ്പനയും പുതിയ റെക്കോഡിട്ടു. പച്ചക്കറി വിൽപ്പനശാലയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഭക്ഷ്യമേളയിൽ തനതു രുചികളായ അട്ടപ്പാടി വനസുന്ദരി ചിക്കൻ, രാമശേരി ഇഡ്ഡലി, കുടുംബശ്രീ വിഭവങ്ങൾ, പായസവിഭവങ്ങൾ, നാടൻ തട്ടുകട, കൂവ -കൂൺ വിഭവങ്ങൾ, ചെറുധാന്യ വിഭവങ്ങൾ തുടങ്ങി നക്ഷത്ര ഹോട്ടൽ വിഭവങ്ങൾവരെ അണിനിരന്നു. കളമശേരി മണ്ഡലത്തിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന പരിപാടികൾ എല്ലാ ദിവസവും അരങ്ങേറി. വിവിധരംഗങ്ങളിലെ പുരസ്കാര ജേതാക്കളെയും കാർഷികോത്സവത്തിൽ ആദരിച്ചു. വയോജനസംഗമം പരിപാടിയിൽ വയോജനങ്ങൾക്കൊപ്പം എന്ന പുതിയ പദ്ധതി മന്ത്രി പ്രഖ്യാപിച്ചു.


ഹരിതകർമസേനാ സംഗമം, കുട്ടിക്കർഷകസംഗമം എന്നിവയും സംഘടിപ്പിച്ചു. സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ സംവിധായകൻ സിബി മലയിലിനെ ആദരിച്ചു. ഡിജിറ്റൽ വള്ളംകളി, ഉറങ്ങുന്ന മാവേലിയെ വിളിച്ചുണർത്തൽ, ആകാശ നിരീക്ഷണം, 360° ഫോട്ടോഗ്രഫി തുടങ്ങിയ വിനോദ ഇനങ്ങൾ ഉൾപ്പെടുത്തിയ ഫൺ കോർണർ അനേകരെ ആകർഷിച്ചു.


ഇലക്ട്രിക് സ്കൂട്ടർ അശ്വജിത്തിന്

കളമശേരി കാർഷികോത്സവ നഗറിൽനിന്ന് 1000 രൂപയ്‌ക്കുമേൽ വിലവരുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ഏർപ്പെടുത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ മുപ്പത്തടം സ്വദേശി കെ എസ് അശ്വജിത്തിന് ഇലക്‌ട്രിക് സ്കൂട്ടർ ലഭിച്ചു.


സമാപനത്തോടനുബന്ധിച്ച് നടന്ന വടംവലി മത്സരത്തിൽ ടി കെ സലിമിന്റെ നേതൃത്വത്തിലുള്ള കടുങ്ങല്ലൂർ പഞ്ചായത്ത് ടീമും പൂക്കളമത്സരത്തിൽ ഏലൂർ യുവകലാകേന്ദ്രയും പാചകമത്സരത്തിൽ റെജി സണ്ണിയും ഒന്നാമതെത്തി. ഓണം ഘോഷയാത്രയും കാർഷികോത്സവ നഗറിൽ നടന്നു. ഓണസദ്യയിൽ നൂറുകണക്കിനുപേർ പങ്കാളികളായി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി പി രാജീവ് സമ്മാനങ്ങൾ വിതരണം ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Home