കളമശേരി കാർഷികോത്സവത്തിന്‌ നാളെ തിരിതെളിയും ; പൃഥ്വിരാജ് ഉദ്ഘാടനം ചെയ്യും

Kalamassery Karshikolsavam
വെബ് ഡെസ്ക്

Published on Aug 25, 2025, 03:00 AM | 2 min read


കളമശേരി

കളമശേരി മണ്ഡലത്തിൽ മന്ത്രി പി രാജീവ് ആവിഷ്കരിച്ച "കൃഷിക്കൊപ്പം കളമശേരി' പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത് കളമശേരി കാർഷികോത്സവം ചൊവ്വ വൈകിട്ട് ആരംഭിക്കും. നടൻ പൃഥ്വിരാജ് ഉദ്ഘാടനംചെയ്യും. സെപ്തംബർ രണ്ടുവരെ വിവിധ പരിപാടികളുമായാണ് കാർഷികോത്സവം സംഘടിപ്പിക്കുന്നതെന്ന്‌ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കാർഷിക–വ്യവസായ പ്രദർശനമേള, കലാവിരുന്ന്, ഭക്ഷ്യമേള, സാഹിത്യസംഗമം, പ്രതിഭാസംഗമം, ഫൺ കോർണർ തുടങ്ങിയവയാണ്‌ പ്രധാന പരിപാടികൾ. കളമശേരി ചാക്കോളാസ് ഗ്രൗണ്ടിലാണ് പ്രത്യേകം തയ്യാറാക്കിയ കാർഷികോത്സവനഗരി. ചൊവ്വ വൈകിട്ട് നാലിന് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമാകും. വിവിധ കലാരൂപങ്ങൾ, വാദ്യസംഘങ്ങൾ തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റുകൂട്ടും. കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടിയുണ്ടാകും. സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ പി പ്രസാദ്, എം ബി രാജേഷ്, ഒ ആർ കേളു, മജീഷ്യൻ ഗോപിനാഥ് മുതുകാട്, മറ്റു ജനപ്രതിനിധികൾ, കാർഷിക- കലാ-സാഹിത്യ -വ്യവസായ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ വി എം ശശി, ജനറൽ കൺവീനർ എം പി വിജയൻ എന്നിവർ പങ്കെടുത്തു. കാർഷികോത്സവത്തിൽ പ്രവേശനം സൗജന്യമാണ്.


132 സ്റ്റാളുകൾ, 
നറുക്കെടുപ്പിലൂടെ സമ്മാനം

മണ്ഡലത്തിൽ ഉൽപ്പാദിപ്പിക്കുന്ന കാർഷികവിളകളുടെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും വിൽപ്പന മേളയിലുണ്ടാകും. ശീതീകരിച്ച 132 സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്‌. കൃഷി ഉപകരണങ്ങൾ, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുമുണ്ടാകും. കയർ, മുള, കൈത്തറി ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും പൊക്കാളി അരി, കടുങ്ങല്ലൂർ കുത്തരി, കാളാഞ്ചി തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും വിഭവങ്ങളും ഒരുക്കുന്നുണ്ട്. 1000 രൂപയ്‌ക്കുമേൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നൽകും. വ്യവസായപ്രദർശനമാണ് മറ്റൊരു പ്രത്യേകത. വ്യവസായികളുടെയും സംരംഭകരുടെയും സംഗമവും സംഘടിപ്പിക്കുന്നുണ്ട്.


രുചിയുടെ കലവറ ഒരുക്കും

തനതുരുചികളായ അട്ടപ്പാടി വനസുന്ദരി ചിക്കൻ, രാമശേരി ഇഡ്ഡലി, കുടുംബശ്രീ വിഭവങ്ങൾ, പായസവിഭവങ്ങൾ, നാടൻ തട്ടുകട, കൂവ–കൂൺ വിഭവങ്ങൾ, ചെറുധാന്യ വിഭവങ്ങൾ എന്നിവമുതൽ പ്രമുഖ സ്റ്റാർ ഹോട്ടലുകൾവരെ അണിനിരക്കുന്ന ഭക്ഷ്യമേളയുണ്ടാകും. പാചകമത്സരവും സംഘടിപ്പിക്കും.


സിബി മലയിലിനെ 
ആദരിക്കും

മണ്ഡലത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാക്കൾക്കുള്ള ആദരസമ്മേളനം, പ്രതിഭാസംഗമം, വയോജനസംഗമം, ഹരിതകർമസേനാ സംഗമം, കുട്ടിക്കർഷകസംഗമം എന്നിവ സംഘടിപ്പിക്കും. സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ സംവിധായകൻ സിബി മലയിലിനെ ആദരിക്കും. ഫൺ കോർണറിൽ ഡിജിറ്റൽ വള്ളംകളി, ഉറങ്ങുന്ന മാവേലിയെ വിളിച്ചുണർത്തൽ, ആകാശനിരീക്ഷണം, 360 ഡിഗ്രി ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മാതൃകാ പാടശേഖരവും ഒരുക്കുന്നുണ്ട്.


വിളവെടുപ്പുത്സവം ഇന്ന്

കളമശേരി കാർഷികോത്സവത്തോടനുബന്ധിച്ച വിളവെടുപ്പുത്സവം തിങ്കളാഴ്‌ച നടക്കും. വെളിയത്തുനാട് പാടശേഖരത്തിലെ വാസുദേവന്റെ പാടത്ത്‌ രാവിലെ എട്ടിന് മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനംചെയ്യും. തുടർന്ന് മണ്ഡലത്തിലെ വിവിധ കൃഷിയിടങ്ങളിൽ വിളവെടുപ്പ് നടത്തും. പകൽ 1.30ന് ഉളിയന്നൂർ അബ്ദുൾ കരീമിന്റെ ചീരപ്പാടത്ത് വിളവെടുപ്പ് സമാപിക്കും. വിളവെടുപ്പിൽ ‘കടമ്പൻ മൂത്താൻ' നാടകസംഘവും പങ്കെടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Home