കളമശേരി കാർഷികോത്സവം ; സാഹിത്യ പ്രതിഭകളെ ആദരിച്ചു

‘കളമശേരിയുടെ സാഹിത്യ പെരുമ' പരിപാടിയിൽ ഡോ. എം ലീലാവതി ഓൺലെെനായി സംസാരിക്കുന്നു
കളമശേരി
കളമശേരി കാർഷികോത്സവം വേദിയിൽ ‘കളമശേരിയുടെ സാഹിത്യപെരുമ' പരിപാടിയിൽ മണ്ഡലത്തിലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരജേതാക്കളെ ആദരിച്ചു. എഴുത്തുകാരായ പ്രൊഫ. എം ലീലാവതി, സേതു, പ്രൊഫ. എം തോമസ് മാത്യു, സുഭാഷ് ചന്ദ്രൻ, ഗ്രേസി എന്നിവരെയാണ് ആദരിച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ പ്രൊഫ. ലീലാവതി ഓൺലെെനിലാണ് പങ്കെടുത്തത്. ആദരച്ചടങ്ങ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
എഴുത്തിലൂടെ അറിവും വെളിച്ചവും വിതറിയ പ്രതിഭകളെ ഒരേവേദിയിൽ ആദരിക്കുന്നത് കളമശേരിയുടെ സാംസ്കാരിക ചരിത്രത്തിലെ പുതിയ അധ്യായമാണെന്നും പുസ്തകങ്ങളെ സ്നേഹിക്കുന്ന ജനതയുടെ ആദരമായാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
കൃഷിയും സാഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എഴുത്തുകാർ സ്വന്തം അനുഭവങ്ങൾ പങ്കുവച്ചു. മണ്ഡലത്തിലെ വായനശാലകൾക്കുള്ള പുസ്തകങ്ങളുടെ വിതരണവും നടന്നു. കാർഷികവൃത്തിയാണ് ഏറ്റവും വിശുദ്ധമായ കർമമണ്ഡലമെന്ന് ഡോ. എം ലീലാവതി പറഞ്ഞു.
മനസ്സിൽ മനുഷ്യത്വം നിറയുമ്പോൾമാത് മേ മറ്റുള്ളവർക്കായി കണ്ണീർ പൊഴിക്കാനാകൂവെന്ന് പ്രൊഫ. എം തോമസ് മാത്യുവും ഒരുതുണ്ട് മണ്ണില്ലാത്തവന് എഴുത്തിലാണ് വിത്തിറക്കാൻ കഴിയുകയെന്ന് സുഭാഷ് ചന്ദ്രനും പറഞ്ഞു. എഴുത്തുകാരൻ എന്നതിലുപരി താനൊരു കൃഷിക്കാരനാണെന്നാണ് സേതുവിന്റെ പക്ഷം. കൃഷിയിലൂന്നിയ സംസ്കാരം പിറവിയെടുത്താലേ മനുഷ്യന് നിലനിൽപ്പുള്ളൂവെന്ന് ഗ്രേസിയും വ്യക്തമാക്കി.









0 comments