മണ്ഡലത്തിലെങ്ങും വിളവെടുപ്പുത്സവം

കളമശേരി കാർഷികോത്സവം ; മൂന്നാംപതിപ്പിന്‌ ഘോഷയാത്രയോടെ 
ഇന്ന്‌ തുടക്കം

Kalamassery Karshikolsavam

വെളിയത്തുനാട് പാടശേഖരത്തിലെ വാസുദേവന്റെ കൃഷിയിടത്തിലേക്ക് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ വിളവെടുപ്പിനെത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 26, 2025, 03:15 AM | 2 min read


കളമശേരി

വിത്തുമുതൽ വിപണിവരെ മണ്ഡലത്തിലെ കർഷകൻ നേരിടുന്ന പ്രശ്നങ്ങളോരോന്നും പരിഹരിച്ച് മുന്നേറാൻ മന്ത്രി പി രാജീവ് വിജയകരമായി നടപ്പാക്കിയ ‘കൃഷിക്കൊപ്പം കളമശേരി' പദ്ധതിയിലെ മൂന്നാമത് കളമശേരി കാർഷികോത്സവം ചൊവ്വ വൈകിട്ട് ആറിന് നടൻ പൃഥ്വിരാജ് ഉദ്ഘാടനംചെയ്യും.


വൈകിട്ട്‌ നാലിന് നഗരസഭാ ഓഫീസിനുമുന്നിൽനിന്ന്‌ ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ് നോർത്ത് കളമശേരി ചാക്കോളാസ് പവിലിയനിൽ മേളയ്ക്ക് തുടക്കമിടുന്നത്. ഘോഷയാത്രയിൽ പഞ്ചായത്തുകൾ ബാനറുകൾക്കുപിന്നിൽ അണിനിരക്കും. വിവിധ കലാരൂപങ്ങൾ, വാദ്യസംഘങ്ങൾ തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റുകൂട്ടും.


​ഉദ്ഘാടനച്ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും. തുടർന്ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി ഉണ്ടാകും.


മണ്ഡലത്തിലെങ്ങും വിളവെടുപ്പുത്സവം

ഒരാഴ്ച നീളുന്ന കളമശേരി കാർഷികോത്സവത്തിനുള്ള വിഭവങ്ങൾ ശേഖരിക്കുന്നതിന്‌ മണ്ഡലത്തിൽ വ്യാപകമായി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. പാട്ടും ചുവടുകളുമായി കടമ്പൻ മൂത്താൻ നാടകസംഘത്തിന്റെയും കർഷകരുടെയും അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിൽ മന്ത്രി പി രാജീവ് വിവിധ കൃഷിയിടങ്ങളിലെത്തി വിളവെടുപ്പ് ഉദ്ഘാടനംചെയ്തു.


​വെളിയത്തുനാട് പാടശേഖരത്തിൽ ഉൾപ്പെട്ട വാസുദേവന്റെ കൃഷിയിടത്തിലെ നെല്ല് കൊയ്താണ് തിങ്കൾ രാവിലെ എട്ടിന് വിളവെടുപ്പുത്സവം ആരംഭിച്ചത്. തടിക്കക്കടവിൽ ഇന്ദിര രവിയുടെ കൂൺകൃഷി, വയലോടം ഷംല ആസിഫിന്റെ മട്ടുപ്പാവുകൃഷി, നവാസിന്റെ ചീര, കുന്നുകര സഹകരണ ബാങ്കിന്റെ പൂക്കൃഷി, അബ്ദുൾ ഖാദറിന്റെ മാഞ്ഞാലി കൂവ, എൻ എച്ച് ഇസ്മയിലിന്റെ മാട്ടപ്പുറം ഏത്തക്കായ, കരുമാല്ലൂർ ഡേവിസിന്റെ പച്ചക്കറി, എടയാർ അബ്ദുൾ ജബ്ബാറിന്റെ കപ്പ, വർഗീസിന്റെ ആലങ്ങാട് കരിമ്പ്‌, ഏലൂർ കനകന്റെ കുക്കുമ്പർ, മുരളിയുടെ ചേന, അബ്ദുൾ കരീമിന്റെ ഉളിയന്നൂർ ചീര, കളമശേരി ഐ എം റഹിമിന്റെ മീൻ തുടങ്ങി വിവിധ ഇനങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ വിളവെടുത്തു. വൈകിട്ടോടെ വിളവെടുപ്പുത്സവം സമാപിച്ചു. ​‘കൃഷിക്കൊപ്പം കളമശേരി’യുടെ ഭാഗമായി മണ്ഡലത്തിൽ വ്യാപകമായി നടക്കുന്ന കൃഷിയിൽനിന്നുള്ള ഉൽപ്പന്നങ്ങളും മൂല്യവർധിത ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാകും.


ദിവസവും കലാസാംസ്കാരിക പരിപാടികൾ

​ബുധൻ രാവിലെ 10 മുതൽ വിവിധ കലാമത്സരങ്ങളും സാംസ്കാരിക പരിപാടികളും നടക്കും. രാത്രി ഏഴിന് മെഹ്ഫിൽ ഖവാലിസന്ധ്യ.


​വ്യാഴം പകൽ 2.30ന് വയോജനസംഗമം. രാത്രി ഏഴിന് ഗായിക രാജലക്ഷ്മിയുടെ മ്യൂസിക്കൽ നൈറ്റ്.​


29ന് പകൽ രണ്ടിന് വ്യവസായികളുടെയും സംരംഭകരുടെയും സംഗമം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. രാത്രി ഏഴിന് സ്ട്രീറ്റ് അക്കാദമി അവതരിപ്പിക്കുന്ന റാപ്പ്.

​30ന് വൈകിട്ട് അഞ്ചിന് ‘കളമശേരിയുടെ സാഹിത്യപ്പെരുമ'. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളും കളമശേരി സ്വദേശികളുമായ ഡോ. എം ലീലാവതി, സേതു, പ്രൊഫ. എം തോമസ് മാത്യു, സുഭാഷ്ചന്ദ്രൻ, ഗ്രേസി എന്നിവരെ ആദരിക്കും. രാത്രി ഏഴുമുതൽ ഗായിക സിത്താര നേതൃത്വം നൽകുന്ന മ്യൂസിക്കൽ നൈറ്റ്.


​31ന് രാവിലെ 10.30ന് കുട്ടിക്കർഷകസംഗമം. ഹരിതകർമസേനാ സംഗമം പകൽ 2.30ന്. രാത്രി ഏഴുമുതൽ ‘മസാല കോഫി'.


​സെപ്തംബർ ഒന്ന് പകൽ രണ്ടിന് മണ്ഡലത്തിലെ വിവിധ മേഖലകളിലുള്ള പുരസ്കാരജേതാക്കളെ ആദരിക്കുന്ന പ്രതിഭാസംഗമം. കാർഷികോത്സവ സമ്മേളനം വൈകിട്ട് ആറിന് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്യും. രാത്രി ഏഴുമുതൽ ‘സോൾ ഓഫ് ഫോക്ക്'.


​സമാപന ദിവസമായ സെപ്തംബർ രണ്ടിന് ഓണാഘോഷം. പൂക്കളമത്സരം, വടംവലി, പാചകമത്സരം എന്നിവയുണ്ടാകും.




deshabhimani section

Related News

View More
0 comments
Sort by

Home