തമ്മിലടിയിൽ തകർന്ന് കാലടി

കെ ഡി ജോസഫ്
Published on Sep 26, 2025, 02:45 AM | 1 min read
കാലടി
ഭരണത്തിലേറിയതുമുതൽ അധികാരത്തിനുവേണ്ടിയുള്ള ഗ്രൂപ്പ് പോരിലാണ് കാലടി പഞ്ചായത്ത് യുഡിഎഫ് ഭരണനേതൃത്വം. അതിന്റെ പേരിലുള്ള തമ്മിൽത്തല്ലും വടംവലിയും മാത്രമാണ് കഴിഞ്ഞ അഞ്ചുവർഷവും അരങ്ങേറിയത്. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളില്ലാത്തതുമുതൽ ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾ എല്ലാം ഇതിനിടെ അവഗണിക്കപ്പെട്ടു. പദ്ധതി നിർവഹണത്തിലും ഫണ്ട് വിനിയോഗത്തിലും ജില്ലയിലെ ഏറ്റവും മോശം പഞ്ചായത്തുകളിലൊന്നായി.
പട്ടണത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാനോ നടപ്പാക്കാനോ നിലവിലെ ഭരണസമിതിക്കായില്ല. പഞ്ചായത്തിലൊരിടത്തും ഇരുചക്രവാഹനങ്ങൾക്കുപോലും സുഗമമായി സഞ്ചരിക്കാവുന്ന റോഡുകളില്ല. റോഡ് നിർമാണത്തിനായി അങ്കമാലി ബ്ലോക്ക് അനുവദിച്ച 10 ലക്ഷം രൂപ വാങ്ങി വിനിയോഗിക്കാനായില്ല. ഷോപ്പിങ് കോംപ്ലക്‌സ് നിർമാണത്തിന്റെ പേരിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് പൂട്ടിയത് യാത്രാബസുകളെയും യാത്രക്കാരെയും പെരുവഴിയിലാക്കി. മാർക്കറ്റ് സമുച്ചയവും ഒന്നൊന്നായി പൂട്ടി. സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾക്കായി അനുവദിച്ച ഫണ്ടും ഗ്രാൻഡുകളും ചെലവഴിക്കാതെ ലാപ്സാക്കി. 2024 –25 സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണത്തിൽ ജില്ലയിലെ പഞ്ചായത്തുകളിൽ 59–ാംസ്ഥാനമാണ് കാലടിക്ക്. 18,60,17,950 രൂപ ഇക്കാലയളവിൽ ചെലവഴിക്കാതെ പോയി.
തൊഴിലുറപ്പ് പദ്ധതിയിൽ വർഷം 100 തൊഴിൽദിനം ലഭ്യമാക്കുന്നതിലും പരാജയപ്പെട്ടു. അങ്കമാലി ബ്ലോക്കിന് കീഴിലെ എട്ടു പഞ്ചായത്തുകളിൽ ഏഴാംസ്ഥാനമാണ് കാലടിക്ക്. പട്ടികജാതി, ഉൽപ്പാദന, പശ്ചാത്തല, സേവന മേഖലകളിൽ വൻതുക ചെലവഴിക്കാതെ പാഴാക്കി.
എൽഡിഎഫ് ഭരണസമിതി നിർമിച്ച വാതകശ്‌മശാനം ആറ് മാസമായി പ്രവർത്തനരഹിതമാണ്. എട്ട് അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടസൗകര്യമില്ല. പഞ്ചായത്തിൽ കുടുംബശ്രീ പ്രവർത്തനവും ഏതാണ്ട് നിലച്ചമട്ടിലാണ്.








0 comments