കാക്കനാട്ട് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ

കാക്കനാട്
കാക്കനാട് തെങ്ങോട് കുഴിക്കാലയിൽ സംരക്ഷണഭിത്തി ഇടിഞ്ഞുവീണതിനെ തുടർന്ന് വീട് അപകടാവസ്ഥയിൽ.
കുഴിക്കാല ജങ്ഷനുസമീപം ആറാംവാർഡ് പുളിക്കൽ സാജു ജോസഫിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് ശനി പുലർച്ചെ നാലിന് ഇടിഞ്ഞുവീണത്. വെള്ളി രാത്രിമുതൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്നാണ് 15 അടി ഉയരത്തിലുള്ള കരിങ്കൽ സംരക്ഷണഭിത്തി തകർന്നുവീണത്. വെളുപ്പിന് ഉഗ്രശബ്ദത്തോടെ സംരക്ഷണഭിത്തി തകർന്നുവീഴുകയായിരുന്നെന്ന് സാജു പറഞ്ഞു. അപകടസമയം സാജുവും ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുൻഭാഗത്തും കാർപോർച്ചിനുസമീപംവരെ മണ്ണിടിഞ്ഞ നിലയിലാണ്. വീടിന്റെ ഭിത്തിയിലും കോൺക്രീറ്റ് ബീമിനും പൊട്ടലുണ്ട്. ഇരുമ്പുതൂണുകളിൽ താങ്ങുകൊടുത്താണ് വീടിന് താൽക്കാലിക സംരക്ഷണമൊരുക്കിയിരിക്കുന്നത്. ഇടിഞ്ഞ ഭാഗത്ത് ടാർപോളിൻ കെട്ടിമറച്ചിട്ടുണ്ടങ്കിലും മഴ കനത്താൽ വീടിന്റെ മുൻഭാഗം ഇടിഞ്ഞുവീഴുമെന്ന ആശങ്കയിലാണ് കുടുംബം. വാർഡ് കൗൺസിലർ സുനി കൈലാസൻ സ്ഥലത്തെത്തി ദുരന്തനിവാരണവിഭാഗത്തെയും നഗരസഭാ സെക്രട്ടറിയെയും വിവരമറിയിച്ചു.









0 comments