കാർഷികഗ്രാമങ്ങൾ തേടി കടമ്പൻമൂത്താനെത്തി

Kadamban Moothan
വെബ് ഡെസ്ക്

Published on Aug 23, 2025, 03:00 AM | 1 min read


കളമശേരി

മന്ത്രി പി രാജീവ് ആവിഷ്കരിച്ച് നടപ്പാക്കിയ ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയിലൂടെ കാർഷികഭൂപടത്തിൽ ഇടംനേടിയ കാർഷികഗ്രാമങ്ങൾ തേടി കടമ്പൻമൂത്താൻ ജൈവ നാടകസംഘമെത്തി. വെള്ളി രാവിലെ ഏഴിന് വെളിയത്തുനാട് തടിക്കക്കടവിൽ ഒത്തുചേർന്ന പ്രദേശവാസികൾ ആർപ്പുവിളിയും കുരവയുമായി തിരുവനന്തപുരം വെള്ളറടയിൽനിന്നെത്തിയ ഓർഗാനിക് തിയറ്റർ നാടകസംഘത്തെ എതിരേറ്റു.

വ്യവസായവൽക്കരണവും ഭരണകേന്ദ്രങ്ങളുടെ അവഗണനയുംകൊണ്ട് കൈവിട്ടുപോയ ആലങ്ങാടൻ ശർക്കരയും മാട്ടുപുറം ഏത്തക്കായും മാഞ്ഞാലി ചേനയും ഉളിയന്നൂർ ചീരയും പാനായിക്കുളം പൊട്ടുവെള്ളരിയും വീണ്ടെടുത്ത കർഷകർ നാടകാവതരണം ഉത്സവമാക്കിമാറ്റി.


​ജൈവകൃഷിയും ജൈവകലയുമെന്ന ആശയം മുൻനിർത്തി കടമ്പൻമൂത്താനെന്ന കാർഷികദേവതാ സങ്കൽപ്പത്തെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ നാടകമാണിത്. കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത്, കർഷകരുമായി സംവദിച്ച് മുന്നേറുന്നവിധം ചിട്ടപ്പെടുത്തിയ നാടകത്തിൽ കടമ്പൻമൂത്താനായി ഡോ. എസ് എൻ സുധീർ വേഷമിടുന്നു. മണിയമ്മക്കാണിയാണ് കാക്കാത്തി, കവികൂടിയായ സനൽ ഡാലുംമുഖം, ഷെരീഫ് പാങ്ങോട്, എസ് എൻ സനത, സിബിൻ തുളസി, സുഗുണൻ തുടങ്ങിയവർ അരങ്ങിലും അണിയറയിലുമായാണ് നാടകം അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങൾക്കൊപ്പം കാണികളായെത്തിയ പ്രായമായവരും കുട്ടികളും ചുവടുവച്ച് നാടകത്തിൽ പങ്കുചേർന്നു. ​

കുന്നുകര തേൻതുരുത്തിക്കാവ് ക്ഷേത്രപരിസരം, കുന്നുകര ജങ്ഷൻ, കരുമാല്ലൂർ തട്ടാംപടി ജങ്ഷൻ എന്നിവിടങ്ങളിലും നാടകം അവതരിപ്പിച്ചു. ​ശനി രാവിലെ ഏഴിന് ആലങ്ങാട് (വർഗീസിന്റെ കരിമ്പിൻതോട്ടം), 8.30ന് കടുങ്ങല്ലൂർ (ഉളിയന്നൂർ കരീമിന്റെ ചീരപ്പാടം), വൈകിട്ട് നാലിന് കൊങ്ങോർപ്പിള്ളി ജങ്ഷന്‍, ആറിന് കടുങ്ങല്ലൂർ മുപ്പത്തടം ജങ്ഷൻ എന്നിവിടങ്ങളിലും കടമ്പൻമൂത്താനെത്തും.



deshabhimani section

Related News

View More
0 comments
Sort by

Home