കളമശേരി കാർഷികോത്സവം ; കടമ്പൻ മൂത്താൻ ഇന്ന് കൃഷിയിടങ്ങളിലേക്ക്

കളമശേരി
നോർത്ത് കളമശേരിയിൽ 26ന് ആരംഭിക്കുന്ന കളമശേരി കാർഷികോത്സവത്തിന് അരങ്ങ് ഉണരുന്നു. വിവിധ വിഭാഗം കർഷകരുടെ സംഗമങ്ങൾ ഒമ്പതുമുതൽ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്നുവരുന്നു. കാർഷികോത്സവം വിളവെടുപ്പുത്സവത്തിന് മുന്നോടിയായി കടമ്പൻ മൂത്താൻ നാടകസംഘം വെള്ളിമുതൽ കൃഷിയിടങ്ങളിലും തെരഞ്ഞെടുത്ത പ്രദേശനങ്ങളിലുമെത്തും. ഗ്രാമങ്ങളിൽ പ്രാദേശിക ഉത്സവമായി, കൃഷിയുടെ പ്രാധാന്യം പറയുന്ന നാടകം അവതരിപ്പിക്കും.
ജൈവകൃഷിയും ജൈവ കലയുമെന്ന ആശയം മുൻനിർത്തി തിരുവനന്തപുരം വെള്ളറടയിലെ ഓർഗാനിക് തിയറ്റർ കടമ്പൻ മൂത്താനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ നാടകമാണിത്.
കളമശേരി മണ്ഡലത്തിൽ സാധ്യമായ ഇടങ്ങളെയെല്ലാം കൃഷിയുടെ പച്ചപ്പണിയിക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രി പി രാജീവ് നടപ്പാക്കിയ "കൃഷിക്കൊപ്പം കളമശേരി' പദ്ധതിയുടെ ഭാഗമായാണ് കടമ്പൻ മൂത്താൻ കൃഷിയിടങ്ങളിൽ എത്തുന്നത്. താളമേളങ്ങളുടെ അകമ്പടിയോടെ കൈതോലപ്പായ ഞൊറിഞ്ഞുടുത്ത്, പുല്‍ക്കിരീടമണിഞ്ഞ്, തിത്തിരിപ്പക്ഷിയുടെ കണ്ണെഴുത്തും കാണി വിഭാഗത്തിന്റെ ബിംബങ്ങൾ മുഖത്തെഴുത്തുമാക്കിയാണ് കടമ്പൻ മൂത്താൻ എത്തുന്നത്. കടമ്പൻ എന്നാല്‍ കടമ്പ കടക്കുന്നവനാണ്, മൂത്താൻ എന്നത് രക്ഷകനും. വെള്ളി രാവിലെ ഏഴിന് തടിക്കകടവ് വെളിയത്തുനാട് പാടശേഖരത്തുനിന്ന് കടമ്പൻ മൂത്താനും കൂട്ടരും പ്രയാണമാരംഭിക്കും. 8.30ന് കുന്നുകര തേൻതുരുത്തിക്കാവ് ക്ഷേത്ര പരിസരം, വൈകിട്ട് നാലിന് കുന്നുകര ജങ്ഷൻ, ആറിന് കരുമാല്ലൂർ തട്ടംപടി ജങ്ഷൻ എന്നിവടങ്ങളിൽ നാടകം അവതരിപ്പിക്കും.
ശനി രാവിലെ ഏഴിന് ആലങ്ങാട് (വർഗീസ് കരിമ്പിൻതോട്ടം), 8.30ന് കടുങ്ങല്ലൂർ (ഉളിയന്നൂർ കരീം ചീരക്കൃഷി തോട്ടം), വൈകിട്ട് നാലിന് കൊങ്ങോർപ്പിള്ളി ജങ്ഷന്‍, ആറിന് കടുങ്ങല്ലൂർ മുപ്പത്തടം ജങ്ഷൻ എന്നിവിടങ്ങളിലും കടമ്പൻ മൂത്താനെത്തും.









0 comments