മനോഹരം...കടമക്കുടി ; ആസ്വദിക്കാം ഉദയവും അസ്തമയവും

Kadamakkudi Tourism
വെബ് ഡെസ്ക്

Published on Jul 08, 2025, 03:45 AM | 1 min read


കൊച്ചി

മെട്രോ നഗരത്തിൽനിന്ന്‌ വിളിപ്പാടകലെയുള്ള ഈ കൊച്ചുദ്വീപാണ്‌ പ്രമുഖ വ്യവസായി ആനന്ദ്‌ മഹീന്ദ്രയുടെ ഒറ്റക്കുറിപ്പിലൂടെ ലോകശ്രദ്ധ നേടിയ കടമക്കുടി. കൊച്ചിക്കായലോളങ്ങൾ തഴുകുന്ന, ചെമ്മീൻകെട്ടുകളും പൊക്കാളിപ്പാടങ്ങളും കണ്ടൽക്കാടുകളും നിറഞ്ഞ, ദേശാടനക്കിളികൾ ചേക്കേറുന്ന 14 കൊച്ചുതുരുത്തുകളുടെ കൂട്ടം.


കായലിനു നടുവിൽ പ്രകൃതി ഒളിപ്പിച്ചുവച്ച രത്നമെന്ന്‌ കടമക്കുടി ദ്വീപുകളെ വിശേഷിപ്പിക്കാറുണ്ട്‌. കൊച്ചിയുടെ കായൽസൗന്ദര്യമാകെ ആറ്റിക്കുറുക്കിയ ഒറ്റ ക്ലിക്ക്‌. വാരാന്ത്യം ചെലവഴിക്കാൻ ഏറ്റവും മികച്ച ഇടമാണെന്ന്‌ ഇവിടേക്ക്‌ ഒഴുകുന്ന സഞ്ചാരികളുടെ എണ്ണം സാക്ഷ്യപ്പെടുത്തുന്നു. തിരക്കും ബഹളവും നിറഞ്ഞ ഓഫീസ് ദിനങ്ങൾക്കുശേഷം കൊച്ചിക്കാർ വിശ്രമിക്കാനും ഉല്ലസിക്കാനും തെരഞ്ഞെടുക്കുന്ന ഇഷ്ടയിടങ്ങളിൽ ആദ്യത്തേത്. ഇടപ്പള്ളിയിൽനിന്ന്‌ 14 കിലോമീറ്ററും വരാപ്പുഴയിൽനിന്ന്‌ മൂന്നു കിലോമീറ്ററും റോഡ്‌ മാർഗം സഞ്ചരിച്ച്‌ ഇവിടേക്ക്‌ എത്താം. ഹൈക്കോടതി ജെട്ടിയിൽനിന്ന്‌ രാവിലെയും വൈകിട്ടും ദ്വീപുകളിലേക്ക്‌ യാത്രാബോട്ട്‌ സർവീസുമുണ്ട്‌.


യാത്രാസൗകര്യങ്ങൾ കുറവായിരുന്ന കാലത്ത്‌ ‘കടന്നാൽ കുടുങ്ങി’ എന്നുപറഞ്ഞിരുന്നത്‌ ലോപിച്ച്‌ പിന്നീട്‌ കടമക്കുടി ആയെന്ന്‌ പഴമക്കാർ. സ്വയം തോണിതുഴഞ്ഞ്‌ പോകേണ്ടിയിരുന്ന തുരുത്തിനെ താൻതോണി തുരുത്തെന്ന്‌ വിളിച്ചതും അത്‌ പിന്നീട്‌ താന്തോണി തുരുത്തായി മാറിയതുംപോലെ. കടമക്കുടി ദ്വീപുകളിലേക്ക്‌ ഇന്നുള്ളതുപോലെ യാത്രാസൗകര്യങ്ങൾ മുമ്പുണ്ടായിരുന്നില്ല. ബോട്ടുകളും വഞ്ചികളും കയറിയാണ്‌ നാട്ടുകാർ പ്രധാന കരയിലേക്ക്‌ എത്തിയിരുന്നത്‌. റോഡ്‌ വന്നതോടെ വിനോദസഞ്ചാരസാധ്യതയും വർധിച്ചു. കൊച്ചിയുടെ സ്വന്തം ജലമെട്രോ സർവീസ്‌ കൂടി കടമക്കുടിയെ തൊടുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക്‌ ഇനിയും വർധിക്കും.


സുന്ദരമാണീ 14 ദ്വീപുകൾ

സൗന്ദര്യം നിറഞ്ഞ 14 ദ്വീപുകളുടെ കൂട്ടമാണ് കടമക്കുടി ദ്വീപുകൾ. വലിയ കടമക്കുടി, മുറിക്കൽ, പാലിയംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശേരി, ചരിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, ഈയാംപാടം എന്നിവയാണവ. ഇവയിൽ വലിയ കടമക്കുടിയാണ് പ്രധാന ദ്വീപ്‌. 2011ലെ സെൻസസ്‌ പ്രകാരം 4000 കുടുംബങ്ങളിലായി 16,295 പേരാണുള്ളത്‌.


ആസ്വദിക്കാം ഉദയവും അസ്തമയവും

കടമക്കുടിയിൽ ഏറ്റവും മനോഹരം ഉദയാസ്തമയക്കാഴ്ചകളാണ്. പിഴല പാലത്തിൽനിന്ന്‌ ഉദയവും അസ്‌തമയവും ആസ്വദിക്കാൻ ഏറുമാടങ്ങളുമുണ്ട്. പുലർകാലത്ത് കായലിലൂടെ ബോട്ടുയാത്രയും നടത്താം. പൊക്കാളിപ്പാടങ്ങളിലൂടെ നടക്കാം. വിരുന്നെത്തുന്ന വിവിധയിനം ദേശാടനപ്പക്ഷികളെ കാണാം. മീൻപിടിത്തം ഇഷ്ടമുള്ളവർക്ക് അതും പരീക്ഷിക്കാം. ധാരാളം ഹോം സ്‌റ്റേകളും പ്രവർത്തിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home