താക്കീതായി എച്ച്എംടി സംരക്ഷണസദസ്
എച്ച്‌എംടിയെ തകർക്കാനുള്ള കേന്ദ്രനീക്കം രാജ്യതാൽപ്പര്യത്തിന് എതിര് : കെ ചന്ദ്രൻപിള്ള

കളമശേരി
എച്ച്‌എംടിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം രാജ്യതാൽപ്പര്യത്തിന് എതിരാണെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ മെഷീൻ ടൂൾസ് കമ്പനിയെ തകർക്കുന്പോൾ മോദി സർക്കാർ ദേശസ്‌നേഹം പ്രസംഗിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുക, എച്ച്എംടിയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എച്ച്‌എംടി സംരക്ഷണസമിതി വെള്ളിയാഴ്‌ച സംഘടിപ്പിച്ച എച്ച്എംടി സംരക്ഷണസദസ്സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എച്ച്‌എംടി എന്ന വ്യവസായത്തിന് കേരള സമൂഹത്തിൽ അതുല്യമായ പദവിയാണുണ്ടായിരുന്നത്. 1990നുശേഷം പൊതുമേഖല അങ്ങനെ മുന്നോട്ടുപോകേണ്ട എന്ന നിലപാടെടുത്തത് കോൺഗ്രസ് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. പൊതുമേഖല ഉണ്ടായത് മരിക്കാനാണെന്നും അത് തുടരേണ്ടതില്ലെന്നും 2014ൽ മോദി സർക്കാർ പ്രഖ്യാപിച്ചു.
എച്ച്‌എംടിയിൽ മതിയായ തൊഴിലാളികളെ നിയമിക്കണം. 2007ലെ ശന്പളമാണ് ഇപ്പോഴും കിട്ടുന്നത്. അതുതന്നെ മാസങ്ങളായി ലഭിച്ചിട്ടില്ലെന്നും ചന്ദ്രൻപിള്ള ചൂണ്ടിക്കാട്ടി.
മൂലധന ഉടമകൾ ലോകാടിസ്ഥാനത്തിൽ തൊഴിലാളികളെ ഇല്ലായ്‌മ ചെയ്യുന്ന സന്ദർഭമാണ് നമുക്ക് മുന്നിലുള്ളതെന്ന് മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് കെ എൻ രവീന്ദ്രനാഥ് പറഞ്ഞു.
സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സതീഷ്, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, കളമശേരി ഏരിയ സെക്രട്ടറി പി എം മുജീബ് റഹ്‌മാൻ, സി ഡി നന്ദകുമാർ, എസ് എസ് അനിൽ, എം ജി അജി, പി കൃഷ്‌ണദാസ്, അഡ്വ. ഷെരീഫ് മരയ്‌ക്കാർ, പി കെ ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.









0 comments