ഹൈക്കോടതിയിൽ ജോലി വാഗ്‌ദാനംചെയ്‌ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയിൽ

കൊച്ചി
ഹൈക്കോടതിയിൽ ജോലി വാഗ്‌ദാനംചെയ്‌ത് യുവാവിൽനിന്ന് അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശി അറസ്‌റ്റിൽ. പ്രാവച്ചമ്പലം തിരുവാതിര വീട്ടിൽ മോഹൻകുമാറിനെ (63)യാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ ഹൈക്കോടതിയിൽനിന്ന് പ്യൂണായി വിരമിച്ചയാളാണ്.
ഒരു സ്ത്രീകൂടി തട്ടിപ്പിൽ പങ്കാളിയാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഹൈക്കോടതി, വിഴിഞ്ഞം തുറമുഖം, കൊച്ചി കപ്പൽശാല എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പലരിൽനിന്ന് ലക്ഷങ്ങൾ വാങ്ങിയതായി കണ്ടെത്തി. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് തസ്‌തികയിൽ ജോലി ചെയ്യുന്ന സ്ത്രീ, മകൾക്ക് വിഴിഞ്ഞം തുറമുഖത്ത് ജോലി തരപ്പെടുത്താൻ ഇയാൾക്ക് അഞ്ചുലക്ഷം രൂപ കൈമാറാനിരിക്കെയായിരുന്നു അറസ്റ്റ്. ഇയാൾ മുൻമുഖ്യമന്ത്രി കെ കരുണാകരന്റെയും മകൻ കെ മുരളീധരന്റെയും ഡ്രൈവറായും ഏറെനാൾ പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഒരു ലോഡ്ജിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാളെ എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ്എച്ച്ഒ അനീഷ് ജോയിയും സംഘവും ചേർന്നാണ് പിടികൂടിയത്. എസ്‌ഐ സി അനൂപ്, എഎസ്‌ഐ വിഷ്ണു, സിപിഒമാരായ ഉണ്ണിക്കൃഷ്‌ണൻ, ഷിഹാബ്, ഹരീഷ് ബാബു എന്നിവർ അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നു.









0 comments