അനധികൃത റിക്രൂട്ടിങ് : ആലുവയിൽ 3 സ്ഥാപനങ്ങൾ പൂട്ടി

ആലുവ
അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ ആലുവ പൊലീസ് നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മൂന്നു സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്തു. ഇവിടങ്ങളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ, ചെക്ക് ലീഫുകൾ എന്നിവ കണ്ടെത്തിയിരുന്നു. ഇവ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ പരാതികൾ ലഭിച്ച സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇത്തരം സ്ഥാപനങ്ങളിൽ പണം വാങ്ങി വിസ തട്ടിപ്പ് നടത്തുന്നതായും ചെക്ക്, സർട്ടിഫിക്കറ്റുകൾ എന്നിവ പിടിച്ചുവച്ച് പണം വാങ്ങുന്നതായും നിരന്തരം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.
50,000 മുതൽ 12 ലക്ഷം രൂപവരെ വാങ്ങി ഇത്തരത്തിൽ കബളിപ്പിക്കുന്നതായി പരാതികൾ ലഭിച്ചിരുന്നു. രേഖകൾ പരിശോധിച്ച് അനധികൃത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിൽ ആലുവയിലെ എല്ലാ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളിലും പരിശോധന നടത്തും. ഡിവൈഎസ്‌പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ വി എം കേഴ്സൻ, എസ്ഐമാരായ എൽദോ പോൾ, കെ നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.









0 comments