ജില്ലാപഞ്ചായത്തിന്റെ അനാസ്ഥ
കാടല്ല, ഇത് വയോജനകേന്ദ്രം

ആലുവ ജെറിയാട്രിക് കേന്ദ്രം
എം പി നിത്യൻ
Published on Nov 14, 2025, 12:24 AM | 1 min read
ആലുവ
പുറത്തുനിന്ന് നോക്കിയാൽ തനി കാട്. അടുത്തുചെന്നാൽ നിർമാണം പൂർത്തിയാകാത്ത ഒരു മൂന്നുനില കെട്ടിടം. സംസ്ഥാനത്തെ ആദ്യത്തേത് എന്ന വാഗ്‌ദാനവുമായി ആലുവയിൽ ജില്ലാപഞ്ചായത്ത് 2018ൽ തറക്കല്ലിട്ട ജെറിയാട്രിക് സെന്റർ (വയോജനകേന്ദ്രം) ആണിതെന്ന് മനസ്സിലാക്കാൻ പിന്നെയും സമയമെടുക്കും. പൂർത്തിയാക്കാതെ കാടുമൂടിക്കിടക്കുന്ന കെട്ടിടവും പരിസരവും ഇന്ന് മാലിന്യംതള്ളൽ കേന്ദ്രമാണ്.
ജില്ലാ ആശുപത്രിക്കുസമീപം ബിഎസ്എൻഎൽ ഓഫീസിനടുത്ത് ഒഴിഞ്ഞുകിടക്കുന്ന ഒരേക്കറിലാണ് ഏഴ് വർഷംമുമ്പ് സെന്ററിന്റെ നിർമാണം ആരംഭിച്ചത്. ഏറെ കൊട്ടിഘോഷിച്ച് അൻവർ സാദത്ത് എംഎൽഎയാണ് തറക്കല്ലിട്ടത്. മുതിർന്ന പൗരർക്ക് വിദഗ്‌ധചികിത്സ നൽകുന്ന കേന്ദ്രമായാണ് വിഭാവനം ചെയ്‌തത് . മൂന്നുഘട്ടങ്ങളിലായി ആറു കോടി ചെലവഴിച്ച് ആറുനില കെട്ടിടം നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഓരോനിലയിലും പത്തുവീതം മുറികൾ, സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ ഡോർമെറ്ററികൾ, പണം നൽകി ഉപയോഗിക്കാവുന്ന ശീതീകരിച്ച മുറികൾ, ഡൈനിങ് ഏരിയ, റിക്രിയേഷൻ ഏരിയ, പരിശീലനകേന്ദ്രം, നടപ്പാതകൾ ഇതൊക്കെയായിരുന്നു വാഗ്ദാനം. കെട്ടിടംപണി ആരംഭിച്ചതോടെ അഴിമതിയുടെ ഘോഷയാത്ര തുടങ്ങി.

നിർമാണം നിലച്ച് കാടുമൂടിയ ആലുവ ജെറിയാടിക് കേന്ദ്രത്തിൽ മാലിന്യം കുമിഞ്ഞുകൂടിയ നിലയിൽ
നിർമാണത്തിന് ഉപയോഗിച്ച ഇരുന്പുകമ്പികൾക്ക് നിലവാരം കുറവാണെന്ന് തൊഴിലാളികളാണ് കണ്ടെത്തിയത്. വിഷയം സിപിഐ എം ഏറ്റെടുത്തു. കോടികളുടെ അഴിമതി നടത്താനുള്ള യുഡിഎഫ് ജില്ലാപഞ്ചായത്ത് ഭരണസമിതി ശ്രമം ഇതോടെ പൊളിഞ്ഞു. ജില്ലാപഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയർ കമ്പികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. അതിന്റെ ഫലത്തിന് കാത്തുനിൽക്കാതെ പുതിയ കമ്പികളെത്തിച്ച് നിർമാണം പുനരാരംഭിച്ചു. ഇടയ്ക്കുവച്ച് പണി പൂർണമായും നിലച്ചു. അഴിമതി ലക്ഷ്യമിട്ട പദ്ധതിക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടതോടെ പാതിവഴയിൽ ഉപേക്ഷിച്ചു.
ഒടുവിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെ 2,71,78,767 രൂപ ചെലവിൽ മൂന്ന് നിലകളുള്ള കെട്ടിടം നിർമിച്ചു. ജില്ലാപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതമൂലം നിർമാണപ്രവർത്തനങ്ങൾ വീണ്ടും നിലച്ചു. ജെറിയാട്രിക് കേന്ദ്രം നിർമിച്ചുവെന്നാണ് യുഡിഎഫ് അവരുടെ വികസനരേഖയിൽ അവകാശപ്പെട്ടിരിക്കുന്നത്.










0 comments