ഇൻഫോപാർക്ക് മൂന്നാംഘട്ടം
ലാൻഡ് പൂളിങ് നടപടികൾ ഉൗർജിതമാക്കി ജിസിഡിഎ

കൊച്ചി
ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിനായി ലാൻഡ് പൂളിങ് വഴി ഭൂമി കണ്ടെത്താനുള്ള വിജ്ഞാപനം പ്രസിദ്ധപ്പെടുത്താൻ ഒരുങ്ങി ജിസിഡിഎ. കിഴക്കമ്പലം, കുന്നത്തുനാട് വില്ലേജുകളിലായി 300 ഏക്കറിൽ ഇൻഫോപാർക്ക് ഫേസ് മൂന്ന് സ്ഥാപിക്കാൻ 1000 ഏക്കറോളം ഭൂമിയാണ് ജിസിഡിഎ പൂൾ ചെയ്യുന്നത്.
2024 ഒക്ടോബർ 18നാണ് ലാൻഡ് പൂളിങ്ങിനായി സർക്കാർ ജിസിഡിഎയെ ചുമതലപ്പെടുത്തുന്നത്. തുടർന്ന് ഇൻഫോപാർക്കുമായി ചർച്ച നടത്തിയും സ്ഥലപരിശോധന നടത്തിയും ഭൂമി കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പരിഗണിക്കുന്ന ഭൂമികളുടെ അതിർത്തികൾ, ഭൂ ഉപയോഗം, വസ്തുവിവരങ്ങൾ, വെള്ളപ്പൊക്കസാധ്യത, ഗതാഗതസൗകര്യം എന്നിവ ശേഖരിച്ച് മാപ്പുകൾ തയ്യാറാക്കി. അനുയോജ്യമായ ഭൂമികൾ ജിസിഡിഎ അധികാരപരിധിക്ക് പുറത്തായതിനാൽ നേരിട്ട സാങ്കേതികബുദ്ധിമുട്ടും പരിഹരിച്ചു. മാപ്പിന്റെ സഹായത്തോടെ പൂൾ ചെയ്യാനുദ്ദേശിക്കുന്ന ഏരിയയും സർവേ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും പ്രസിദ്ധപ്പെടുത്തും.
തുടർന്ന് ഭൂ ഉടമകളുടെ യോഗം വിളിക്കും. 75 ശതമാനം ഭൂ ഉടമകൾ സമ്മതം നൽകിയാൽ പദ്ധതിയുമായി മുന്നോട്ടുപോകും. കരട് പദ്ധതിരേഖ തയ്യാറാക്കി സർക്കാരിന്റെ അംഗീകാരം ലഭ്യമാക്കും. ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി അന്തിമ പദ്ധതിരേഖ തയ്യാറാക്കുകയും ചെയ്യും. പൂൾ ചെയ്ത ഭൂമിയിൽ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയശേഷം നിശ്ചിത ശതമാനം ഭൂമി തിരികെ ഭൂ ഉടമകൾക്ക് നൽകും. 75 ശതമാനം ഭൂ ഉടമകളുടെ സമ്മതം ലഭിക്കാത്തപക്ഷം അനുയോജ്യമായ മറ്റു ഭൂമി കണ്ടെത്തും.
കാർബൺ ന്യൂട്രൽ, ജലവിഭവ സ്വയംപര്യാപ്‌തത, മാലിന്യനിർമാർജനം എന്നിവ പരിഗണിക്കും. കൊച്ചി നഗരം, ദേശീയപാത, റെയിൽവേ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കണക്ടിവിറ്റിയും പരിശോധിക്കും. ഐടി കമ്പനികൾക്കുപുറമെ പാർപ്പിടസൗകര്യങ്ങൾ, വാണിജ്യസ്ഥാപനങ്ങൾ, കായിക–സാംസ്കാരിക സംവിധാനങ്ങൾ, വിനോദ ഇടങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും സജ്ജമാകും.









0 comments