റമീസ് വീൽചെയറിലെത്തി ; ആഴങ്ങളിൽ ദേശീയപതാക ഉയർത്തി

കൊച്ചി
ഭിന്നശേഷിക്കാരനായ ചളിക്കവട്ടം സ്വദേശി റമീസ് വീൽചെയറിലാണ് മാമല ശാസ്‌താംമുകൾ പാറമടയിലെ തടാകത്തിലെത്തിയത്. സ്വാതന്ത്ര്യദിനത്തിൽ സ്‌കൂബ ഡൈവിങ് ഉപകരണങ്ങളുമായി റമീസ് തടാകത്തിലെ ആഴത്തിലേക്കിറങ്ങി. 85 ശതമാനം ഭിന്നശേഷിയുള്ള റമീസ്, ഇച്ഛാശക്തികൊണ്ട് പതാക ഉയർത്തിയത് വെള്ളത്തിനടിയിൽ. ഭിന്നശേഷിക്കാർക്ക് പിന്തുണയുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച ‘ബ്രേക്ക് ദ ചലഞ്ച്’ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പരിപാടി.
കലൂരിലെ അക്വാലിയോ ഡൈവ് സെന്ററിന്റെ സഹകരണത്തോടെ ‘വൈകല്യമുള്ളവർക്ക് അവരുടെ സ്വപ്നങ്ങൾ നേടാൻ പിന്തുണ നൽകുക’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പരിപാടി.
ജില്ലാ ശുചിത്വമിഷൻ വളന്റിയറായിരുന്ന പി എൻ റമീസ്, കേരള സ്‌റ്റേറ്റ് ബോഡി ബിൽഡിങ് അസോസിയേഷൻ 2023ൽ സംഘടിപ്പിച്ച മത്സരത്തിൽ മിസ്റ്റർ കേരള പട്ടം നേടിയിട്ടുണ്ട്. കേരള വീൽചെയർ ക്രിക്കറ്റ് സംസ്ഥാന ടീമിലും ഇടം പിടിച്ചിരുന്നു. 2023 പാര ഗെയിംസിൽ പവർലിഫ്‌റ്റിങ്ങിൽ വെങ്കലവും ഡിസ്‌കസ്, ജാവലിൻ ത്രോ ഇനങ്ങളിൽ വെള്ളിയും കരസ്ഥമാക്കി.
ഭിന്നശേഷിക്കാർക്കായി ആരംഭിച്ച മോഡലിങ് കമ്പനി ‘ദി മെറിബെല്ലാസ്’ ഉടമയായ റമീസ്, പാലാരിവട്ടത്തെ ‘അരികെ’ പാലിയേറ്റീവ് കെയറിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി നോക്കുകയാണ്. കടലിൽ സ്‌കൂബ ഡൈവിങ്ങാണ് സ്വപ്‌നം. ഭിന്നശേഷിക്കാർക്കുള്ള സ്‌കൂബ ഡൈവിങ് പരിശീലകനാകാനും ആഗ്രഹമുണ്ട്.
വെള്ളത്തിലിറങ്ങാൻ റമീസിന് തുണയായത് അക്വാലിയോ ഡൈവ് സെന്ററിലെ അക്ഷയ് വി നായരാണ്. അക്വാലിയോ ഡയറക്ടർ ജോസഫ് ഡെലീഷും ഡിടിപിസി പ്രതിനിധികളും പങ്കെടുത്തു. രണ്ടരലക്ഷത്തോളം വിലമതിക്കുന്ന ആധുനിക സ്‌കൂബ ഉപകരണങ്ങളുടെ സഹായത്തോടെയാണ് റമീസ് സ്വാതന്ത്രദിന സന്ദേശം പകർന്നത്.









0 comments