ഐ ബൈ ഇൻഫോപാർക്ക് മന്ത്രി പി രാജീവ് സന്ദർശിച്ചു

വ്യവസായമന്ത്രി പി രാജീവ് ഐ ബൈ ഇൻഫോപാർക്ക് സന്ദർശിച്ചപ്പോൾ. മേയർ എം അനിൽകുമാർ ഒപ്പം
കൊച്ചി
എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തില്‍ ഇൻഫോപാർക്ക് ആരംഭിച്ച പ്രീമിയം കോ–വർക്കിങ് സ്പേസ് "ഐ ബൈ ഇൻഫോപാർക്ക്' സന്ദർശിച്ച് വ്യവസായ-മന്ത്രി പി രാജീവ്. മേയര്‍ എം അനില്‍കുമാര്‍, ഇന്‍ഫോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചന്ദ്രന്‍, അസി. ജനറല്‍ മാനേജര്‍ എന്‍ ജി സജിത്, അസി. മാനേജര്‍ എം അനില്‍ തുടങ്ങിയ ഇൻഫോപാര്‍ക്ക് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായി.
ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വർക്ക് നിയർ ഹോം, വർക്ക് ഫ്രം കേരള തുടങ്ങിയ ആശയങ്ങൾ പ്രാവർത്തികമാക്കുകയാണ് ഇതുവഴി സർക്കാർ ഉദ്ദേശിക്കുന്നത്. ഇടവേളയ്‌ക്കുശേഷം ജോലിയിലേക്ക് തിരികെവരുന്ന സ്‌ത്രീകൾക്കും കേന്ദ്രം പ്രയോജനപ്പെടും. സമാനമായ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനും ഐടി വകുപ്പിന് പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
മൂന്നുമുതൽ ഒമ്പതുവരെ ഏഴുനിലകളിലായാണ് ഐ ബൈ ഇന്‍ഫോപാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. 48,000 ചതുരശ്രയടിയിൽ 580- വർക്ക്‌സ്‌റ്റേഷനുകൾ സജ്ജമാക്കി. പ്രമുഖ ഐടി കമ്പനിയായ സോഹോ നാലാംനില പൂർണമായും വാടകയ്‌ക്കെടുത്തു. പൊതുഗതാഗത സംവിധാനംമാത്രം ഉപയോഗിച്ച് തടസ്സങ്ങളില്ലാതെ എത്താനാകുമെന്നത് പ്രത്യേകതയാണ്.
കേരളത്തിലെ ആദ്യ ന്യൂറോഡൈവേഴ്‌സിറ്റി സൗഹൃദ കോ–വർക്കിങ് കേന്ദ്രംകൂടിയാണിത്. ഓട്ടിസം സ്‌പെക്‌ട്രം ഡിസോർഡർ, എഡിഎച്ച്ഡി, ഡിസ്‌ലെക്സിയ തുടങ്ങിയ അവസ്ഥകളുള്ള വ്യക്തികളെ പിന്തുണയ്ക്കുന്ന രീതിയിലാണ് ഓരോ നിലയുടെയും രൂപകൽപ്പന. ഓരോ നിലയ്ക്കും ഓരോ ഇന്ദ്രിയത്തെ കേന്ദ്രീകരിച്ചുള്ള പ്രത്യേകതകളുമുണ്ട്.
മൂന്നാംനിലയിൽ ‘കാഴ്ച'യെ കേന്ദ്രീകരിച്ച് പ്രത്യേക വാൾപേപ്പറുകളും ടൈലുകളും ഉപയോഗിച്ചിരിക്കുന്നു. നാലാംനില രുചിയെയും അഞ്ചാംനില ഗന്ധം, ആറാംനില സ്‌പർശം, ശേഷിക്കുന്ന മൂന്നുനിലകൾ (ഏഴ്, എട്ട്, ഒമ്പത്) "കേൾവി'യെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഐ ബൈ ഇന്‍ഫോപാര്‍ക്കിലെ വാണിജ്യ സാധ്യതകളെക്കുറിച്ചറിയാൻ: 0484 -2415217. കൂടുതല്‍ വിവരങ്ങള്‍ക്ക്:- www.ibyinfopark.in









0 comments