എച്ച്‌എംടി : പ്രതിസന്ധിയിലും പൊലിയാത്ത പ്രതീക്ഷ

കെ പി വേണു
Published on Nov 07, 2025, 02:30 AM | 2 min read
കൊച്ചി
എച്ച്എംടി കളമശേരി യൂണിറ്റിന് ഏത് മേഖലയിലേക്കുമുള്ള ഘന എൻജിനിയറിങ് ഉപകരണങ്ങൾ നിർമിക്കാനുള്ള സാങ്കേതിക വൈദഗ്‌ധ്യവും അടിസ്ഥാനസൗകര്യങ്ങളുമുണ്ട്. സ്കിൽ ഡെവലപ്‌മെന്റിനുള്ള പരിശീലനകേന്ദ്രവും 348 ഏക്കർ ഭൂമിയും സ്വന്തമായുണ്ട്.
ദീർഘകാല സമരത്തിന്റെ ഫലമായുണ്ടായ പരിഷ്‌കരണ നടപടി കളമശേരി യൂണിറ്റിനെ ലാഭത്തിലെത്തിച്ചു. പ്രതിരോധം, റെയിൽവേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പുതിയ ഓർഡറുകൾ എച്ച്‌എംടിക്ക് ലഭിക്കാതിരിക്കാൻ ബിജെപി സർക്കാർ ഇടപെട്ടത് കമ്പനിക്ക് തിരിച്ചടിയായി. കളമശേരി യൂണിറ്റ് രൂപകൽപ്പന ചെയ്ത് നിർമിച്ച സിഎൻസി ഷെൽ ടേൺ മെഷീൻ, സർഫസ് വീൽ ലെയ്‌ത്ത് തുടങ്ങി ഉപകരണങ്ങൾക്ക് ആവശ്യമേറെയുണ്ടായിട്ടും അഡ്വാൻസോ വിലയോ യഥാസമയം നൽകാതെയും പൊതുമേഖലാ സ്ഥാപനങ്ങൾ ബുദ്ധിമുട്ടിച്ചു. ഇതും യൂണിറ്റിനെ പ്രതിസന്ധിയിലാക്കി. 3,000 പേർ ജോലി ചെയ്തിരുന്ന സ്ഥാനത്ത് 117 സ്ഥിരം ജീവനക്കാരും 250 കരാർ ജീവനക്കാരും 33 സെക്യൂരിറ്റി ജീവനക്കാരും 59 ട്രെയ്നികളുമാണ് ഇപ്പോഴുള്ളത്. അനുബന്ധ സ്ഥാപനങ്ങളായ നാല് എ ക്ലാസ് സൊസൈറ്റികളെയും തകർത്തു. അവിടെ സ്ഥിരം ജീവനക്കാർ ഇല്ലാതായി. 108 സ്ഥിരം ജീവനക്കാരുണ്ടായിരുന്ന കാന്റീൻ സൊസൈറ്റിയിൽ ഇപ്പോൾ 14 കരാർ ജീവനക്കാരാണുള്ളത്.
1997ലെ ശമ്പള സ്‌കെയിലാണ് ഇപ്പോഴും കളമശേരി യൂണിറ്റിലുള്ളത്. അതിനാൽ എക്സിക്യൂട്ടീവ് തലത്തിൽ പുതുതായാരും ജോലിക്കായി വരുന്നില്ല. മെച്ചപ്പെട്ട വേതനംതേടി വർക്കർ ഗ്രേഡിൽനിന്നുപോലും കൊഴിഞ്ഞുപോക്ക് പതിവായി. ഇൗ സാഹചര്യങ്ങൾ നിലനിൽക്കെയാണ്, 2024 ആഗസ്‌ത് 19ന് കേന്ദ്ര ഘനവ്യവസായമന്ത്രി എച്ച് ഡി കുമാരസ്വാമി യൂണിറ്റ് സന്ദർശിച്ചത്. കമ്പനി പുനരുദ്ധരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഏണെസ്റ്റ് ആൻഡ് യങ് എന്ന ഏജൻസിയെ നവീകരണ രൂപരേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. നീതി ആയോഗ് അംഗം ഡോ. വിജയകുമാർ സരസ്വത് ചെയർമാനായി സാങ്കേതിക ഹൈപവർ കമ്മിറ്റിയെയും നിയമിച്ചു. വർഷം ഒന്ന് കഴിഞ്ഞിട്ടും ഫലം മാത്രം പുറത്തുവന്നില്ല. കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം ഒരുനാൾ യാഥാർഥ്യമാകുമെന്നുതന്നെയാണ് ജീവനക്കാരുടെ പ്രതീക്ഷ. അല്ലാത്തപക്ഷം, യൂണിറ്റ് സംസ്ഥാന സർക്കാരിന് വിട്ടുനൽകണമെന്ന് ജീവനക്കാർ സംഘടനാ ഭേദമന്യെ ആവശ്യപ്പെടുന്നു. വിപണിയിൽ ശക്തമായി ഇടപെടാൻ ശേഷിയുള്ള വ്യവസായമാക്കി എച്ച്‌എംടിയെ മാറ്റാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. ... (അവസാനിച്ചു)
വ്യവസായങ്ങളുടെ നിലനിൽപ്പിന് എച്ച്‌എംടി വേണം --: കെ ചന്ദ്രൻ പിള്ള
(പ്രസിഡന്റ്, എൻസിഎച്ച്‌യു)
വികസിത രാജ്യങ്ങൾ മാതൃവ്യവസായമായ മെഷീൻ ടൂൾസിന് വലിയ പരിഗണയാണ് നൽകുന്നത്. കാരണം അവയില്ലാതെ മറ്റൊരു വ്യവസായങ്ങൾക്കും നിലനിൽപ്പില്ല. വിആർഎസിലൂടെ ആയിരക്കണക്കിന് തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചുവിട്ടത് കമ്പനിയിൽ പരിചയശേഷിയുള്ളവരുടെ അഭാവത്തിന് കാരണമായി. ജീവനക്കാർക്ക് ഉപകരിക്കാത്ത കൂലി വ്യവസ്ഥയാണുള്ളത്. ഏഷ്യയിലെ മികച്ച അടിസ്ഥാനസൗകര്യങ്ങളുള്ള കളമശേരി യുണിറ്റ് നവീകരിക്കുമെന്ന് മന്ത്രി കുമാരസ്വാമി പറഞ്ഞെങ്കിലും കാര്യങ്ങൾക്ക് വേഗം പോര. അടിയന്തരമായി പ്രർത്തന മൂലധനം ലഭ്യമാക്കണം. പ്രാപ്തിയുള്ള സ്ഥിരം മാനേജരെ നിയമിക്കുകയും വേണം. മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നൊക്കെ പറയുന്ന പ്രധാനമന്ത്രി കാര്യങ്ങൾ പഠിക്കാൻ തയ്യാറാകുന്നില്ല.
എൻജിനിയറിങ് കോളേജ്, പോളി ടെക്നിക് കോളേജ്, ഐടിഐ എന്നിവയിൽനിന്ന് പഠിച്ചിറങ്ങുന്നവർക്ക് നൈപുണ്യവികസന കേന്ദ്രമായും എച്ച്എംടി യൂണിറ്റിനെ ഉപയോഗപ്പെടുത്താവുന്നതാണ്.









0 comments