108–ാമനും പടിയിറങ്ങി; സ്ഥിരം ജീവനക്കാരില്ലാതെ എച്ച്‌എംടി കാന്റീൻ

കെ പി വേണു
Published on Mar 30, 2025, 03:34 AM | 1 min read
കളമശേരി
മെച്ചപ്പെട്ട ജീവിതം തേടി 42 വർഷംമുമ്പ് ആലുവയിലെത്തിയ ടി ദേവരാജൻ (തമ്പി) എച്ച്എംടി കാന്റീനിലെ സ്ഥിരം ജോലിയിൽനിന്ന് ശനി വൈകിട്ട് പടിയിറങ്ങി. മൂന്ന് ഷിഫ്റ്റ് പ്രവർത്തിക്കുന്ന കാന്റീനിൽ 108 പേരാണ് സ്ഥിരം ജോലിക്കാരായി ഉണ്ടായിരുന്നത്. ദേവരാജൻ വിരമിച്ചതോടെ കാന്റീനിൽ സ്ഥിരം ജീവനക്കാർ ഇല്ലാതായി. നാമമാത്ര വേതനം നൽകി താൽക്കാലിക ജീവനക്കാരെ വച്ച് കാന്റീൻ പ്രവർത്തിപ്പിക്കുന്നതാണ് മാനേജ്മെന്റ് നയം. ഇപ്പോൾ 18 കരാർ ജീവനക്കാരാണ് കാന്റീൻ നടത്തുന്നത്.
1965ൽ തുടക്കംകുറിച്ച കാന്റീൻ സ്വകാര്യ കരാറുകാരാണ് 1985 വരെ നടത്തിയിരുന്നത്.
കാന്റീൻ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് യൂണിയനുകൾ സമ്മർദം ശക്തമാക്കിയപ്പോഴാണ് മാനേജ്‌മെന്റ് മുൻകൈയിൽ എച്ച്എംടി കാന്റീൻ സഹകരണ സംഘം രൂപീകരിച്ച് കരാറുകാരന്റെ കീഴിലായിരുന്ന 108 പേരെയും കാന്റീൻ സൊസൈറ്റി ജീവനക്കാരായി നിയമിച്ചത്. അന്നത്തെ തൊഴിലാളികളിൽ 108–--ാമനാണ് ദേവരാജൻ. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ ദേവരാജൻ ആലുവ മാർക്കറ്റിനുസമീപമുണ്ടായിരുന്ന ഹോട്ടലിലെ തൊഴിലാളിയായാണ് എറണാകുളത്തെത്തിയത്. അന്ന് ഡിവൈഎഫ്ഐയിലും സിഐടിയു ഹോട്ടൽ തൊഴിലാളി യൂണിയനിലും സജീവമായിരുന്നു. യൂണിയൻ നേതാവാകട്ടെ സിപിഐ എം നേതാവും സിഐടിയു ജില്ലാ പ്രസിഡന്റുമായിരുന്ന കെ ജെ ജേക്കബ്ബും. ഹോട്ടൽജോലി നഷ്ടപ്പെട്ടതിനെ തുടർന്ന്, 1983ൽ ജേക്കബ്ബാണ് ദേവരാജന് എച്ച്എംടി കാന്റീനിൽ കരാറുകാരന്റെ കീഴിൽ ജോലി വാങ്ങി നൽകിയത്. സിപിഐ എം അംഗമായിരുന്ന ദേവരാജൻ കുടുംബത്തോടൊപ്പം കഴിയാൻ തിരുനെൽവേലിയിലേക്ക് പോകും.









0 comments