അസമിൽനിന്നെത്തി മലയാളവും എ പ്ലസും നേടി ഹിമശ്രീ

പെരുമ്പാവൂർ
നാലുവർഷംമുമ്പ് അസമിൽനിന്ന് പെരുമ്പാവൂരിലെത്തി ഏഴാംക്ലാസിൽ ചേർന്ന ഹിമശ്രീ മേധിക്ക് എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിനും എ പ്ലസ്. ഓടക്കാലി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ചേരുമ്പോൾ മലയാളം അറിയില്ലായിരുന്നു. നൂലേലിയിലെ ഫാത്തിമ റൈഹാനാണ് മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചത്.
ചിത്രകാരിയായ ഹിമ, അസമിൽ സിബിഎസ്ഇ സ്കൂളിൽ ഏഴുവരെ പഠിച്ചു.
അസമിലേതിനേക്കാൾ കേരളത്തിൽ സ്കൂളും അധ്യാപകരും മികച്ചതാണെന്ന് ഹിമ പറഞ്ഞു. അസം ഫുൽബാരിയിൽനിന്ന് ജീവിതമാർഗം തേടി അച്ഛൻ കമലേശ്വറും അമ്മ ലീന മോഡിയും നാലുവർഷംമുമ്പാണ് ഓടക്കാലിയിലെത്തിയത്. ജങ്ഷനിൽത്തന്നെയാണ് താമസം. കമലേശ്വർ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനും ലീന വ്യാപാരസ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിലുമാണ്. ഗ്രാഫിക് ഡിസൈനിങ് പഠിക്കാനാണ് ഹിമശ്രീക്ക് ആഗ്രഹം. സഹോദരൻ ദർശൻകുമാർ മേധി ഇതേസ്കൂളിൽ ആറാംക്ലാസ് വിദ്യാർഥിയാണ്.









0 comments