ഹരിതകർമസേനാംഗങ്ങളുടെ സത്യസന്ധത ; ഉടമയ്‌ക്ക് 5 പവൻ സ്വർണം തിരികെ ലഭിച്ചു

വിൽസൺ തോമസിന്റെ മകൾക്ക് സ്വർണാഭരണങ്ങൾ ഏൽപ്പിക്കുന്നു
പറവൂർ
ഹരിതകർമസേനാ പ്രവർത്തകരുടെ സത്യസന്ധതയ്ക്ക് കോട്ടുവള്ളി പഞ്ചായത്തിൽ പുത്തൻമാതൃക. പഴയസാധനങ്ങൾ ശേഖരിക്കുന്നതിനിടെ ലഭിച്ച അഞ്ചു പവൻ സ്വർണാഭരണങ്ങൾ ഉടമയ്‌ക്ക് തിരിച്ചുനൽകി.
വാർഡ് 20ലെ ഹരിതകർമസേനാപ്രവർത്തകരായ ലത, വിനിത, ചിത്തിര എന്നിവർ പ്ലാസ്റ്റിക് ശേഖരണത്തിനായാണ് വെള്ളി പകൽ 12ന് കൊച്ചമ്പലത്തുള്ള നെൽക്കുന്നശേരി വിൽസൺ തോമസിന്റെ വീട്ടിലെത്തിയത്. പ്ലാസ്റ്റിക്കിനൊപ്പം കുറച്ച് പഴയ വസ്ത്രങ്ങൾകൂടി അവർ നൽകി. ഉച്ചയോടെ ശേഖരിച്ച സാധനങ്ങൾ തരംതിരിക്കുന്നതിനിടെ പഴയ തുണികൾക്കിടയിൽനിന്ന് സ്വർണമാല, പാദസരം, കമ്മൽ എന്നിവയടങ്ങിയ ഒരു ചെപ്പ് കണ്ടെത്തി. വിവരം വാർഡ് അംഗം ലത വിജയനെ അറിയിച്ചു. തുടർന്ന് ഹരിതകർമസേനാംഗങ്ങളായ മൂവരും ചേർന്ന് വിൽസൺ തോമസിന്റെ വീട്ടിലെത്തി മകൾക്ക് സ്വർണാഭരണങ്ങൾ കൈമാറി. സത്യസന്ധമായ പ്രവൃത്തിയിലൂടെ നാടിന് മാതൃകയായ മൂവരെയും പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു.









0 comments