ഹജ്ജ്: അവസാനസംഘം ഇന്ന് എത്തും

നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംവഴി ഹജ്ജ് തീർഥാടനത്തിന് പുറപ്പെട്ട ഹാജിമാരുടെ അവസാനസംഘം വ്യാഴം രാത്രി 7.15ന് എത്തും. കേരളത്തിലെ മൂന്ന് എംബാർക്കേഷനുകളിൽനിന്ന് പുറപ്പെട്ട മുഴുവൻപേരും ഇതോടെ നാട്ടിൽ മടങ്ങിയെത്തും.
84 വിമാനങ്ങളാണ് ഇതിനായി സർവീസ് നടത്തിയത്. കൊച്ചിയിൽനിന്ന് സൗദി എയർലൈൻസിന്റെ 23 ഫ്ലൈറ്റുകളാണ് ചാർട്ട് ചെയ്തത്. കേരളത്തിൽ സർക്കാർ മുഖാന്തിരം 16,341 പേരാണ് ഹജ്ജ് നിർവഹിച്ചത്. 6400 പേർ കൊച്ചിവഴി ഹജ്ജിൽ പങ്കെടുത്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ അംഗങ്ങളും, സംഘാടകസമിതി അംഗങ്ങളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹജ്ജ് ഓപ്പറേഷൻ വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകിയ മന്ത്രി വി അബ്ദുറഹിമാനെയും സംസ്ഥാന സർക്കാരിനെയും നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് സംഘാടകസമിതി അഭിനന്ദിച്ചു.
സിയാൽ ഡയറക്ടറേറ്റും സൗദി എയർലൈൻസ് അധികൃതരും ജില്ലാ ഭരണസംവിധാനവും എല്ലാ സഹായങ്ങളും നൽകിയതായും ഹജ്ജ് കമ്മിറ്റി സേവനങ്ങൾ തീർഥാടകർക്ക് വലിയതോതിൽ സഹായകമായതായും നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് സംഘാടകസമിതി വിലയിരുത്തി.









0 comments