ഹജ്ജ്: തമിഴ്‌നാട്ടിൽനിന്നുള്ള തീർഥാടകർ ഇന്ന് യാത്രയാകും

നെടുമ്പാശേരി
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽനിന്ന് വ്യാഴാഴ്‌ച മൂന്നു വിമാനങ്ങളിലായി 762 തീർഥാടകർ യാത്രതിരിക്കും. ഇതിൽ 179 പേർ തമിഴ്നാട്ടിൽനിന്നുള്ളവരാണ്. ഇവർ ബുധൻ രാവിലെ ക്യാമ്പിലെത്തി.
വ്യാഴം പുലർച്ചെ 1.30നുള്ള സൗദി എയർലൈൻസിന്റെ എസ്‌വി 3067 നമ്പർ വിമാനത്തിൽ 287 തീർഥാടകരിൽ 179 പേരാണ് തമിഴ്‌നാട്ടിൽനിന്നുള്ളത്. പുലർച്ചെ മൂന്നിനുള്ള സൗദി എയർലൈൻസിന്റെ 3075 നമ്പർ വിമാനത്തിൽ 187 തീർഥാടകരും രാത്രി 8.20 നുള്ള സൗദി എയർലൈൻസിന്റെ എസ്‌വി 30 വിമാനത്തിൽ 288 പേരുമാണ് യാത്രതിരിക്കുന്നത്.
നെടുമ്പാശേരി ക്യാമ്പിൽനിന്ന് ബുധൻവരെ 3350 തീർഥാടകർ ജിദ്ദയിലേക്ക് തിരിച്ചു. 3104 വനിതകളും 2246 പുരുഷന്മാരുമാണ് യാത്രതിരിച്ചത്. ക്യാമ്പ് വെള്ളി രാത്രി 8.20നുള്ള വിമാന സർവീസോടെ സമാപിക്കും.









0 comments