‘ഗദ്ദിക 2025’ കാണികളെ ആകർഷിച്ച് തുടിയും കുഴലും
‘കമ്പളം വയനാട്’ ബ്രാൻഡുമായി അമ്പലവയൽ സഹോദരങ്ങൾ

ആർ ഹേമലത
Published on Sep 01, 2025, 02:45 AM | 1 min read
കൊച്ചി
ആദിവാസി പണിയ നൃത്തത്തിനാവശ്യമായ തുടിയും കുഴലും നിർമിച്ചും വായിച്ചും ഗദ്ദിക–2025 മേളയുടെ മുഖ്യാകർഷണ കേന്ദ്രങ്ങളായി സഹോദരങ്ങൾ. വാദ്യോപകരണങ്ങളായ തുടിയും കുഴലും തത്സമയം നിർമിച്ചാണ് ഇവർ കൈയടി നേടുന്നത്. വയനാട് അമ്പലവയൽ സ്വദേശികളായ സഹോദരങ്ങൾ കുഞ്ഞിക്കൃഷ്‌ണനും ദാസനും സുനിലും അവരുടെ ബ്രാൻഡിന് ‘കമ്പളം വയനാട്’ എന്നാണ് പേരിട്ടിരിക്കുന്നത്. പണിയ ഭാഷയിൽ ‘കമ്പളം’ എന്നാൽ ഞാറ് എന്നാണ് അർഥം.
വയനാടിന്റെ കാർഷിക പാരമ്പര്യത്തിന്റെ നേർ അടയാളങ്ങളാണ് തുടിയും കുഴലും. ഇവ ചേർന്നുള്ള താളത്തിന്റെ സ്വരത്തിൽ സ്ത്രീകൾ കമ്പളപ്പാട്ട് പാടി വയലിലിറങ്ങി നൃത്തച്ചുവടുകളിട്ട് ഞാറു നടുന്നു. പുരുഷന്മാർ പാടവരമ്പിൽനിന്ന് തുടിയുടെയും കുഴലിന്റെയും താളത്തിൽ പങ്കാളികളാകുന്നു. കുട്ടികൾമുതൽ മുതിർന്നവർവരെ ഉത്സവത്തിന്റെ ഭാഗമായി ഉല്ലാസത്തോടെ പങ്കുചേരുന്നു. കുമിൾ തടിയുപയോഗിച്ചാണ് മുൻ കാലങ്ങളിൽ ഉപകരണങ്ങൾ നിർമിച്ചിരുന്നത്. ഇന്ന് കുമിൾ ലഭിക്കാത്തതിനാൽ പ്ലാവിൻതടിയിലാണ് നിർമാണം. ഇടയ്‌ക്കയുമായി സാദൃശ്യമുള്ള തുടിയിൽ ഉപയോഗിക്കുന്നത് ആടിന്റെ തോലാണ്. പൂർണമായും കൈകൊണ്ട് നിർമിക്കുന്ന വാദ്യോപകരണങ്ങളിൽ തുളയിടുന്നത് കമ്പി പഴുപ്പിച്ചാണ്. വലിയ തുടിക്ക് 4500 രൂപയും കുഴലിന് 1500 രൂപയുമാണ് വില. സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ പണിയ നൃത്തം ഒരിനമായതിനുശേഷം ഇൗ വാദ്യോപകരണങ്ങൾക്ക് ആവശ്യക്കാർ കൂടിയതായി കുഞ്ഞിക്കൃഷ്‌ണൻ പറഞ്ഞു. വാങ്ങാൻ വരുന്നവർ പറഞ്ഞാൽ ഇവർ വാദ്യോപകരണം വായിച്ച് കാണിക്കാറുണ്ട്.









0 comments