മികവോടെ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ആശുപത്രികൾ

കൊച്ചി
ഫോർട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിലും മട്ടാഞ്ചേരി വിമൻ ആൻഡ് ചൈൽഡ് ആശുപത്രിയിലും കോർപറേഷൻ നേതൃത്വത്തിൽ നിർമിച്ച പുതിയ ബ്ലോക്കും ആധുനിക സൗകര്യങ്ങളും നാടിന് സമർപ്പിച്ചു. ജില്ലയുടെ പ്രധാന ആതുരാലയങ്ങളായി മാറുംവിധം മികച്ച ചികിത്സാസംവിധാനങ്ങളോടെയാണ് പുതിയ ബ്ലോക്കുകൾ സിഎസ്‌എംഎൽ സഹായത്തോടെ നിർമിച്ചത്. മിതമായ നിരക്കിൽ മികച്ച ചികിത്സാസൗകര്യം നൽകാൻ പ്രാപ്‌തമാണ് രണ്ട് ആശുപത്രിയും.
ഫോർട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിൽ മൂന്നുനിലകളുള്ള പുതിയ കെട്ടിടമാണ് നിർമിച്ചത്. 7.4 കോടി ചെലവിൽ 15,737 ചതുരശ്രയടിയിലാണ് കെട്ടിടം നിർമിച്ചത്. പുതിയ ഒപി കൗണ്ടറുകൾ, ഡോക്ടർമാർക്ക് മുറികൾ, നഴ്സിങ് സ്റ്റേഷൻ, ലാബുകൾ, ഫാർമസി, ലിഫ്റ്റ്, ഫയർസിസ്റ്റം എന്നിവയടക്കം ഒരുക്കി. മറ്റൊരു കെട്ടിടത്തിൽ ജെറിയാട്രിക് സെന്റർ , ഡയാലിസിസ് സെന്റർ എന്നിവ സജ്ജമാക്കി. ഫിസിയോതെറാപ്പി സെന്റർ, പേവാർഡുകളുമുണ്ട്. ഫിസിയോതെറാപ്പി സെന്ററിൽ ലേസർ മാഗ്‌നറ്റിക് സ്‌റ്റിമുലേറ്റഷൻ തെറാപ്പി ഡിവൈസ് ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളുണ്ട്. ഇതിനായി കോർപറേഷന്റെ വികസനഫണ്ടിൽനിന്ന് 1.80 കോടിയും ബിപിസിഎല്ലിന്റെ പൊതുനന്മ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപയും ചെലവഴിച്ചു. ഹെൽത്ത് ഗ്രാന്റിൽനിന്ന് 50 ലക്ഷം ജെറിയാട്രിക് വാർഡിനായി ചെലവഴിച്ചു. പീഡിയാട്രിക് വാർഡ് നവീകരിച്ചു.
കോർപറേഷന്റെ തനത് ഫണ്ടിൽനിന്ന് 1.10 കോടിയും ഹൈബി ഈഡൻ എംപിയുടെ ഫണ്ടിൽനിന്ന് 1.75 കോടിയും ചെലവഴിച്ച് എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് മുഖേന നടപ്പാക്കുന്ന പദ്ധതികളും പൂർത്തീകരണ ഘട്ടത്തിലാണ്. കുറഞ്ഞ ചെലവിൽ സിടി, സിഎംആർഐ സ്കാനുകൾ എടുക്കാൻ കഴിയുംവിധത്തിലാണ് പദ്ധതി.
14995 ചതുരശ്രയടിയിൽ മൂന്നുനിലകളുള്ള കെട്ടിടമാണ് മട്ടാഞ്ചേരി വിമൻ ആൻഡ് ചൈൽഡ് ആശുപത്രിക്കായി നിർമിച്ചത്. 7.4 കോടി രൂപയാണ് പദ്ധതിച്ചെലവ്. പുതിയ ഒപി കൗണ്ടറുകൾ, ഡോക്ടേഴ്സ് റൂം, നഴ്സിങ് സ്റ്റേഷൻ, ലാബുകൾ, ഫാർമസി, ലിഫ്റ്റ്, ഫയർസിസ്റ്റം എന്നിവയടക്കം ഒരുക്കി. ഫോർട്ട്‌കൊച്ചിയിലെ ബ്ലോക്ക് മേയർ എം അനിൽകുമാറും മട്ടാഞ്ചേരിയിലേത് കെ ജെ മാക്‌സി എംഎൽഎയും ഉദ്‌ഘാടനം ചെയ്‌തു.









0 comments