‘വേണ്ട കപ്പ്’ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു

കൊച്ചി
‘കളിയിലൂടെ ലഹരിവിമുക്ത അന്തരീക്ഷം’ എന്ന സന്ദേശവുമായി ഫോർത്ത് വേവ് ഫൗണ്ടേഷന്റെ പ്രോജക്ട് വേണ്ടാ സംഘടിപ്പിച്ച ‘വേണ്ട കപ്പ് 2025’ഫുട്ബോൾ ടൂർണമെന്റ് എട്ടാംപതിപ്പ് സമാപിച്ചു. സമാപന സമ്മേളനത്തിൽ മുൻ ഇന്ത്യൻതാരം സേവ്യർ പയസ് മുഖ്യാതിഥിയായി.
എറണാകുളം നോർത്ത് പറവൂർ സമൂഹം ഹൈസ്കൂൾ (ആൺകുട്ടികളുടെ വിഭാഗം), കൊല്ലം വെള്ളിമൺ വിവിഎച്ച്‌എസ് (പെൺകുട്ടികളുടെ വിഭാഗം) എന്നിവ ജേതാക്കളായി. ട്രോഫിയും 50,000 രൂപവീതം ക്യാഷ് പ്രൈസും സമ്മാനിച്ചു. കാസർകോട് ഉദിനൂർ ജിഎച്ച്‌എസ്‌എസ് (ആൺ), കണ്ണൂർ ചെറുകുന്ന് ജിവി എച്ച്‌എസ്‌എസ് (പെൺ) എന്നിവരാണ് റണ്ണറപ്പുകൾ. ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം പുത്തൻതോട് ജിഎച്ച്‌എസ്‌എസ്, പത്തനംതിട്ട റാന്നി എസ്‌സി എച്ച്‌എസ്‌എസ്, പത്തനംതിട്ട അടൂർ ജിവി എച്ച്‌എസ്‌എസ് എന്നിവയും പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം നോർത്ത് പറവൂർ സമൂഹം ഹൈസ്കൂളും ഫെയർപ്ലേ അവാർഡ് സ്വന്തമാക്കി. ചടങ്ങിൽ, ചെല്ലാനം സെന്റ് മേരീസ് എച്ച്‌എസിന് സ്കൂൾ ഫുട്ബോൾ ഗ്രൗണ്ട് വികസനത്തിനായി ഒരുലക്ഷം രൂപ നൽകി.
നടൻ മാത്യു തോമസ്, സിറ്റി കമീഷണർ പുട്ട വിമലാദിത്യ, കസ്റ്റംസ് കമീഷണർ ഡോ. ടി ടിജു, സിഎഎഫ്‌എസ് എംഡി ജോർജ് ഡൊമിനിക്, എൻസിബി കൊച്ചി സോണൽ ഡയറക്‌ടർ വേണുഗോപാൽ ജി കുറുപ്പ്, സിഎസ്‌ആർ മേധാവി ശ്രീഹരി, ഫോർത്ത് വേവ് ഡയറക്ടർ സി സി ജോസഫ് എന്നിവർ സംസാരിച്ചു.









0 comments