പുതുരുചികളുമായി ഭക്ഷണത്തെരുവ് ഇന്നുണരും

കൊച്ചി
കൊച്ചിക്ക് പുതുരുചികളുമായി പനന്പിള്ളി നഗർ കസ്തൂർബ നഗറിൽ ഭക്ഷണത്തെരുവ് -ശനിയാഴ്‌ച ഉണരും. ജിസിഡിഎയുടെ ‘അർബൻ ഫ്ലേവേഴ്‌സ്’ ഫുഡ് സ്ട്രീറ്റ് നിർമാണം പൂർത്തിയായി. 20 വ്യത്യസ്‌ത സ്‌റ്റാളുകളിൽ വേറിട്ട രുചികളിൽ ചുരുങ്ങിയ വിലയിൽ ഇൗ തെരുവിൽനിന്ന് ഭക്ഷണം ലഭിക്കും. പകൽ 12 മുതൽ പുലർച്ചെ മൂന്നുവരെയാണ് പ്രവർത്തനസമയം.
നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി അർബൻ ഓയാസിസ് പദ്ധതിവഴി പ്രദേശത്ത് പനന്പിള്ളി നഗറുമായി ബന്ധിപ്പിക്കുന്ന നടപ്പാതയും ലാൻഡ് സ്‌കേപ്പിങ്ങും നടപ്പാക്കും. മാത്രമല്ല, ഭക്ഷണത്തെരുവിന് തൊട്ടടുത്ത് ഒരുക്കുന്ന ഓപ്പൺ ജിം ഉടൻ പ്രാവർത്തികമാകും.
ഏറ്റവും മികച്ച ഭക്ഷണം, സുരക്ഷിതത്വത്തോടെ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷണത്തെരുവ് ആരംഭിക്കുന്നത്. ഭക്ഷണം തയ്യാറാക്കലും വിളമ്പലും പൂർണമായും എഫ്എസ്എസ്‌എഐ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും.
കേരളീയവിഭവങ്ങൾ, ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ, മില്ലറ്റ് അധിഷ്ഠിതം, ഫാസ്റ്റ് ഫുഡ്, ഡെസേർട്ടുകൾ, പാനീയങ്ങൾ തുടങ്ങി വൈവിധ്യമാർന്ന രുചികൾ ഇവിടെ ലഭ്യമാകും.
കൊച്ചിയുടെ നഗരവികസനത്തോടൊപ്പം, ഭക്ഷ്യടൂറിസത്തിന് പുതിയൊരു അധ്യായം കുറിക്കുക എന്നതുകൂടി പദ്ധതി ലക്ഷ്യമിടുന്നു. 120 ചതുരശ്ര അടി, 60 ചതുരശ്ര അടി എന്നിങ്ങനെ രണ്ടു വലിപ്പത്തിൽ 20 ഭക്ഷണശാലകൾ ഉണ്ടാകും.
ഇരിപ്പിടങ്ങൾ, വെളിച്ചസംവിധാനം, വാഷ് ഏരിയകൾ, ടോയ്‌ലറ്റ് സംവിധാനങ്ങൾ, ഖര-ദ്രാവക മാലിന്യസംസ്കരണ സംവിധാനം, സുരക്ഷാസംവിധാനങ്ങൾ, പാർക്കിങ് സൗകര്യം എന്നിവയും ഇവിടെ ഒരുക്കിക്കഴിഞ്ഞു.
ശനി വൈകിട്ട് 6.30ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനാകും. മേയർ എം അനിൽകുമാർ മുഖ്യാതിഥിയാകും.









0 comments