ഹോട്ടലില്‍നിന്ന് ഭക്ഷ്യവിഷബാധ ; യുവതിയുടെ നില ഗുരുതരം

കൊച്ചി
കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച മൂന്നുപേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ആൻ മരിയ (23), ജിപ്‌സൺ ഷാജൻ (22), ആൽബിൻ (25) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആൻ മരിയയുടെ നില ഗുരുതരമായതിനെത്തുടർന്ന് രാജഗിരി ആശുപത്രി ഐസിയുവിൽ ചികിത്സയിലാണ്.
ജൂൺ 16നാണ് മൂവർക്കും ഭക്ഷ്യവിഷബാധയേറ്റത്. സുഹൃത്തുക്കളായ ഇവർ രവിപുരം ഷിപ്‌യാർഡിനടുത്തുള്ള റിയൽ അറേബ്യ ഹോട്ടലിൽനിന്ന് ചിക്കൻ ഷവായ്, ഷവർമ എന്നിവയാണ് കഴിച്ചത്. അങ്കമാലിയിൽ ജോലി ചെയ്യുന്ന മൂവരും കമ്പനി ആവശ്യത്തിന് കൊച്ചിയിലെത്തിയപ്പോഴാണ് ഹോട്ടലിൽ കയറിയത്. അന്നുരാത്രി ഛർദിയും വയറിളക്കവും പിടിപെട്ട് അവശരായതോടെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. അടുത്തദിവസം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി.
ആൻ മരിയയുടെ രോഗം വഷളായതിനെ തുടർന്ന് അപ്പോളോ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. എന്നാൽ, നിലയിൽ മാറ്റമില്ലാത്തതിനാൽ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴും ഐസിയുവിലാണ്. കൂടെയുണ്ടായിരുന്ന ജിപ്‌സൺ കൊടകരയിലെ ആശുപത്രിയിലും ആൽബിൻ ഇരിങ്ങാലക്കുടയിലെ വീട്ടിലും ചികിത്സയിലാണ്.
ഹോട്ടലിലെ ഭക്ഷണത്തിൽനിന്നുണ്ടായ വിഷബാധയാണ് രോഗകാരണമെന്ന് ആശുപത്രിയിൽനിന്ന് അറിയിച്ചതായി പെൺകുട്ടിയുടെ അമ്മ ഷെർളി ജോയ് പറഞ്ഞു. അസുഖബാധിതരായശേഷം ഹോട്ടലിൽ കാര്യങ്ങൾ തിരക്കാൻ പോയപ്പോൾ അറ്റകുറ്റപ്പണിക്കായി ഹോട്ടൽ അടച്ചിട്ടിരിക്കുന്നതായാണ് കണ്ടതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇവർ ആരോഗ്യവിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്. അന്നേദിവസം ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് അവശരായ നിരവധിപേർ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.









0 comments