പുഴയിൽ ജലനിരപ്പ് ഉയർന്നു ; മൂവാറ്റുപുഴയിൽ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിൽ

കുടമുണ്ടപ്പാലം പൂർണമായി മുങ്ങി ഗതാഗതം തടസ്സപ്പെട്ടനിലയിൽ
മൂവാറ്റുപുഴ
രണ്ടുദിവസം തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. ഇരുകരകളിലും താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 30 വീടുകളിൽ വെള്ളം കയറി. നഗരസഭയിലെ കടാതി ആനിക്കാക്കുടി കോളനി, ഇലാഹിയ നഗർ, കുര്യൻമല താഴം എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.
ഇവിടങ്ങളിലെ ആറു കുടുംബങ്ങളെ കടാതി എൻഎസ്എസ് കരയോഗ മന്ദിരത്തിലെ ദുരിതാശ്വാസക്യാമ്പിലും നാലു കുടുംബങ്ങളെ വാഴപ്പിള്ളി ഗവ. ജെബി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലും പ്രവേശിപ്പിച്ചു. 43 പേരാണ് ക്യാമ്പിൽ കഴിയുന്നത്. വെള്ളം കയറിയ സ്ഥലങ്ങളും ദുരിതാശ്വാസക്യാമ്പുകളും സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് മാത്യുവിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. മലങ്കര ഡാമിലെ ഷട്ടറുകൾ തുറന്നതിനാൽ തൊടുപുഴയാറിൽ വെള്ളത്തിന്റെ അളവ് വർധിച്ചതും കാളിയാർ പുഴ, കോതമംഗലം പുഴ എന്നിവിടങ്ങളിൽ നീരൊഴുക്ക് കൂടിയതും മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയരാൻ കാരണമായി.
മഴ കനത്താൽ കൂടുതൽ വീടുകളിൽ വെള്ളം കയറുമെന്ന ഭീതിയിലാണ് കുടുംബങ്ങൾ. കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ടായി. മൂവാറ്റുപുഴ നഗരസഭാ പ്രദേശത്തെ കടാതി, വാളകം പഞ്ചായത്തിലെ കടാതി, റാക്കാട്, മേക്കടമ്പ്, വാളകം, ആവുണ്ട, പെരുവംമൂഴി മാറാടി പഞ്ചായത്തിലെ നോർത്ത് മാറാടി, സൗത്ത് മാറാടി, കായനാട് തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി.
കോതമംഗലത്ത് താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി
ജില്ലയുടെ കിഴക്കൻ മേഖലയായ കോതമംഗലത്തും പരിസരപ്രദേശങ്ങളിലും താഴ്ന്നപ്രദേശങ്ങളിൽ ശക്തമായ മഴയിൽ വെള്ളം കയറി. കുടമുണ്ടപ്പാലം പൂർണമായി മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
തൃക്കാരിയൂരിനുസമീപം റോഡിൽ വെള്ളക്കെട്ടുമൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മഴ ശക്തിയായാൽ വെള്ളക്കെട്ട് രൂക്ഷമാകും. വിവിധ പ്രദേശങ്ങളിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി. മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലാണ്. വഞ്ചിയിലാണ് ആളുകൾ മറുകരയെത്തുന്നത്.
നടക്കാവ്–കൂത്താട്ടുകുളം റോഡിൽ വെള്ളക്കെട്ട്
കനത്ത മഴയിൽ നടക്കാവ്–-കൂത്താട്ടുകുളം റോഡിൽ വ്യാപക വെള്ളക്കെട്ട്. ഉഴവൂർ തോട്, കൂത്താട്ടുകുളം തോട് എന്നിവ കരകവിഞ്ഞു. മേഖലയിലെ പാടങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ്. വാളിയാപ്പാടം ഭാഗത്ത് തോട് കരകവിഞ്ഞ് റോഡിൽ വെള്ളം കയറി. തോട് കരകവിഞ്ഞ് കിഴകൊമ്പ് പിൻമറ്റം ഭഗവതി ക്ഷേത്രത്തിൽ വെള്ളം കയറി. മൂവാറ്റുപുഴയാറിന്റെ പിറവം, രാമമംഗലം ഭാഗത്തെ കടവുകൾ വെള്ളം കയറി മുങ്ങിത്തുടങ്ങി. മണ്ണത്തൂർ മേഖലയിൽ വൈദ്യുതിത്തൂണുകൾ തകർന്ന് വ്യാഴം വൈകിട്ടുവരെ വൈദ്യുതി നിലച്ചു.









0 comments