തൃപ്പൂണിത്തുറയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

വെള്ളക്കെട്ടിലായ തൃപ്പൂണിത്തുറയിലെ പള്ളിപ്പറമ്പ് കാവ് റോഡ്
തൃപ്പൂണിത്തുറ
തോരാതെപെയ്ത മഴയിൽ തൃപ്പൂണിത്തുറയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കോട്ടയ്ക്കകം–വടക്കേക്കോട്ട റോഡിൽ സമീപകാലത്തുണ്ടായ രൂക്ഷമായ വെള്ളക്കെട്ടാണിത്. ബസുകളും മറ്റും കടന്നുപോകുമ്പോൾ റോഡിനിരുവശവുമുള്ള വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി. ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കാനായി കാനകൾ വലുതാക്കി പണിതതെല്ലാം വൃഥാവിലായി.
കോട്ടയ്ക്കകത്ത് ശ്രീപൂർണത്രയീശ ക്ഷേത്രത്തിനുസമീപത്തുള്ള കടകളിലും വെള്ളം കയറി. പുതുശേരി റോഡിൽ വെള്ളമുയർന്നതോടെ തുടക്കഭാഗത്ത് തോടിനോടുചേർന്നുള്ള രണ്ടു വീടുകളിൽ വെള്ളം കയറി. അഗ്നി രക്ഷാസേനയെത്തി വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. പുതുശേരി നഗറിൽ 35 വീടുകളിൽ വെള്ളം കയറി. ശുചിമുറി മാലിന്യമുൾപ്പെടെ ഒഴുകിയെത്തിയതോടെ പതിനഞ്ചോളം വീടുകളിൽനിന്ന് ആളുകൾ മാറി. പള്ളിപ്പറമ്പ് കാവ്, വാരിയംപുറം, കോൺവന്റ് റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. കാനയും റോഡും തിരിച്ചറിയാകാനാകാത്തവിധമാണ് വെള്ളമുയർന്നത്. എം കെ കെ നായർ നഗറിൽ കോണത്തുപുഴയോടു ബന്ധപ്പെട്ടുള്ള തോടിനരികിലുള്ള വീടുകളെല്ലാം വെള്ളത്തിലായി. സീപോർട്ട്–എയർപോർട്ട് റോഡിൽ വിളക്ക് ജങ്ഷനടുത്തും കരിങ്ങാച്ചിറയിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
എരൂരിന്റെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും വീടുകളിലും വെള്ളം കയറി. നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും താഴ്ന്ന സ്ഥലങ്ങളിലെ ഇടറോഡുകളുൾപ്പെടെ വെള്ളത്തിലായി. തൃപ്പൂണിത്തുറ–പേട്ട റോഡ്, മരട്–പേട്ട റോഡ്, താമരശേരി റോഡ്, പനക്കൽ റോഡ്, കണിയാമ്പുഴ റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്കൂളുകൾക്ക് അവധിയില്ലാതിരുന്നതിനാൽ വിദ്യാർഥികൾ മുട്ടോളം വെള്ളത്തിൽ നടന്നാണ് കരപറ്റിയത്.









0 comments