ആലുവ ബാങ്ക് കവലയിൽ തുണിക്കടയിൽ തീപിടിത്തം ; 20 ലക്ഷം രൂപയുടെ നഷ്ടം

ആലുവ
ബാങ്ക് കവലയിലെ തുണിക്കടയിലുണ്ടായ തീപിടിത്തത്തിൽ 20 ലക്ഷത്തോളം രൂപയുടെ നഷ്ടം. വിശ്വനാഥൻ സ്വാമിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ശ്രീമൂലനഗരം തറയിൽ നിഷയുടെ തുണിക്കടയിലാണ് വ്യാഴം പകൽ 11.30ന് തീപിടിത്തം ഉണ്ടായത്.
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ് മുറികളുള്ള കടയിൽ അകത്ത് വസ്ത്രങ്ങൾ സ്റ്റോക്ക് ചെയ്തിരുന്ന മുറിയിൽനിന്നാണ് തീ പടർന്നത്. തീ കണ്ടയുടൻ സമീപത്തെ വ്യാപാരികളടക്കം ഓടിയെത്തി സാധനങ്ങൾ നീക്കാൻ ശ്രമിച്ചു. ആലുവ, അങ്കമാലി, പറവൂർ, പെരുമ്പാവൂർ, ഏലൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നി രക്ഷാസേനയുടെ ശ്രമത്തിൽ രണ്ടു മണിക്കൂറിനുശേഷം തീയും പുകയും നിയന്ത്രണവിധേയമാക്കിയത്.
നാട്ടുകാരും മറ്റു വ്യാപാരികളും ചേർന്ന് കഴിയാവുന്നത്ര വസ്ത്രങ്ങൾ പുറത്തേക്ക് മാറ്റി. തുണിക്കടയോടുചേർന്ന ഡ്രീംസ് കംപ്യൂട്ടർ സർവീസ് സെന്റർ, അമൃത ആർട്ട് ഗാലറി എന്നിവിടങ്ങളിലേക്കും പുക പടർന്നു. ഇവിടെനിന്ന് സാധനങ്ങൾ നീക്കിയിരുന്നു. അഞ്ച് മാസംമുന്പാണ് നിഷ ഇവിടെ ആദായക്കട എന്ന പേരിൽ കച്ചവടം ആരംഭിച്ചത്.









0 comments