വ്യാപാരസ്ഥാപനത്തിന്റെ ഗോഡൗണിൽ തീപിടിത്തം ; പിക്കപ് വാഹനവും കത്തി

മൂവാറ്റുപുഴ
വ്യാപാരസ്ഥാപനത്തിനോട് ചേർന്നുള്ള ഗോഡൗണും ഷെഡ്ഡും സമീപത്ത് പാർക്ക് ചെയ്ത പിക്കപ് വാനും കത്തിനശിച്ചു. മൂവാറ്റുപുഴ–തൊടുപുഴ റോഡരികിൽ ആനിക്കാട് ചിറപ്പടിക്കുസമീപം ഞായർ രാത്രി 12നാണ് സംഭവം. ആനിക്കാട് തലച്ചിറപ്പുത്തൻപുര വീട്ടിൽ ഷാഹുൽ ഷിനാജ് കെട്ടിടം വാടകയ്ക്ക് എടുത്ത് നടത്തുന്ന പഴം, പച്ചക്കറി കടയുടെയും സൂപ്പർമാർക്കറ്റിന്റെയും സമീപത്തെ ഗോഡൗണിലാണ് തീപിടിച്ചത്. ഷിനാജിന്റെ പിക്കപ് വാഹനം, പച്ചക്കറി നിറയ്ക്കുന്ന പ്ലാസ്റ്റിക് പെട്ടികൾ, ചാക്കുകെട്ടുകൾ, ഇവിടെ സൂക്ഷിച്ചിരുന്ന ചെരിപ്പുകൾ ഉൾപ്പെടെ കത്തിനശിച്ചു.
മൂവാറ്റുപുഴ അഗ്നി രക്ഷാസേന എത്തി തീയണച്ച് പിക്കപ് വാഹനം പുറത്തേക്കിറക്കി. എട്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. ആരെങ്കിലും തീയിട്ടതാണോ ഷോർട്ട് സർക്യൂട്ട് ആണോ എന്നത് കണ്ടെത്താൻ ഷിനാജ് മൂവാറ്റുപുഴ പാെലീസിൽ പരാതി നൽകി. നാളുകളായി ഷിനാജിന്റെ കടയുടെ പിൻഭാഗത്ത് യുവാക്കൾ സംഘംചേർന്ന് പുകവലിക്കുന്നത് പതിവായിരുന്നു. ഇവർ ലഹരി ഉപയോഗിക്കുന്നതായും സംശയമുണ്ടായി. ഇവരോട് അവിടെനിന്ന് മാറണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ആഗസ്ത് 31ന് ഷിനാജിനെ ഒരുസംഘം ആക്രമിച്ച് മൂക്കിന് പരിക്കേൽപ്പിച്ചു. ചികിത്സ തേടിയ ഷിനാജ് പൊലീസിൽ പരാതി നൽകിയിരുന്നു. സിപിഐ ചിറപ്പടി ബ്രാഞ്ച് സെക്രട്ടറിയാണ് ഷിനാജ്. സിപിഐ ആവോലി ലോക്കൽ കമ്മിറ്റിയും പൊലീസിൽ പരാതി നൽകി.









0 comments