എടയാറിൽ മറൈൻ പ്രൊഡക്ട്‌സ് കമ്പനിയിൽ തീപിടിത്തം

ആലുവ
എടയാർ വ്യവസായമേഖലയിൽ പാതാളം റഗുലേറ്റർ കം ബ്രിഡ്ജിനുസമീപം മീനിൽനിന്ന് എണ്ണയും പൗഡറും നിർമിക്കുന്ന മാർക്‌സെമെൻ മറൈൻ പ്രൊഡക്ട്‌സ് കമ്പനി കത്തിനശിച്ചു.
ബുധൻ പുലർച്ചെ 3.30ന് ഉണ്ടായ തീപിടിത്തത്തിൽ കമ്പനിക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ആലുവ, ഏലൂർ, തൃക്കാക്കര, ഗാന്ധിനഗർ, പറവൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നി രക്ഷാസംഘം എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. കമ്പനി പ്രവർത്തനം നടക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിലാണ് തീപിടിച്ചത്. തൊഴിലാളികൾ കമ്പനിയിലെ സംവിധാനമുപയോഗിച്ച് തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സമീപത്തെ കമ്പനി തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് ഏലൂരിൽനിന്നും മറ്റും അഗ്നി രക്ഷാസംഘം എത്തിയാണ് തീയണച്ചത്.
കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിയമർന്നു. യന്ത്രങ്ങളും കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന എണ്ണയും പൗഡറുമെല്ലാം നശിച്ചു. മൂന്നുകോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കമ്പനി ഉടമ തൃശൂർ കണിമംഗലം സ്വദേശി അല്ലി ലെത്തീഫ് പറയുന്നത്. ഏലൂർ അഗ്നി രക്ഷാസേന നിലയത്തിലെ സ്റ്റേഷൻ ഓഫീസർ വി എസ് രഞ്ജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.









0 comments