പ്രഖ്യാപനം 30ന്
അതിദാരിദ്ര്യമുക്തമായി ജില്ല ; 5252 കുടുംബങ്ങൾക്ക് പുതുജീവിതം


ജെയ്സൻ ഫ്രാൻസിസ്
Published on Oct 25, 2025, 03:00 AM | 2 min read
കൊച്ചി
വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ പുതുഗാഥകൾ രചിച്ച് മുന്നേറുന്ന ജില്ലയ്‌ക്ക് വീണ്ടുമൊരു നേട്ടംകൂടി. അതിദാരിദ്ര്യമുക്ത ജില്ലയായി മാറിയിരിക്കുകയാണ് എറണാകുളം. സംസ്ഥാന സർക്കാർ നേതൃത്വത്തിൽ നടപ്പാക്കിയ അതിദാരിദ്ര്യനിർമാർജന പദ്ധതിയിലൂടെയാണ് നേട്ടം കൈവരിച്ചത്. 5252 കുടുംബങ്ങളെയാണ് തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ജില്ലയിൽ അതിദാരിദ്ര്യമുക്തമാക്കിയത്.
5650 കുടുംബങ്ങൾ ജില്ലയിൽ അതിദാരിദ്യം അനുഭവിക്കുന്നതായാണ് സർവേയിൽ കണ്ടെത്തിയത്. മരിച്ചവർ, ഇതരസംസ്ഥാനങ്ങളിലും ജില്ലകളിലും കുടിയേറിയവർ, പട്ടികയിലെ ഇരട്ടിപ്പുകൾ എന്നിവ ഒഴിവാക്കിയശേഷം ഇത് 5252 ആയി. ഓരോ കുടുംബത്തിന്റെ ആവശ്യങ്ങളും അവർ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കിയുള്ള ഇടപെടലിലൂടെയാണ് പുതുജീവിതം സാധ്യമാക്കിയത്. ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം, മറ്റുസേവനങ്ങൾ എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കി മൈക്രോപ്ലാൻ തയ്യാറാക്കിയാണ് ഇടപെട്ടത്. 30ന് ഏലൂർ നഗരസഭ ടൗൺഹാളിൽ ജില്ലയെ അതിദാരിദ്ര്യമുക്തമായി വ്യവസായമന്ത്രി പി രാജീവ് പ്രഖ്യാപിക്കും
അന്നം നൽകി, വിശപ്പകറ്റി
1926 കുടുംബങ്ങൾക്കാണ് ഭക്ഷണം ലഭ്യമാക്കിയത്. ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തു. പാചകം ചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പാചകംചെയ്‌ത ഭക്ഷണം നൽകി. തദ്ദേശസ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവ മുഖേനയായിരുന്നു ഇത്
പകർന്നൂ, സാന്ത്വനം
വിവിധ അസുഖങ്ങളാൽ പ്രയാസപ്പെടുന്നവർക്ക് സാന്ത്വനം പകർന്നു. മരുന്നുകൾ, സാന്ത്വന പരിചരണം, സഹായ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കി. 2463 കുടുംബങ്ങൾക്കാണ് മരുന്ന് വിതരണം ചെയ്‌തത്. 267 കുടുംബങ്ങൾക്ക് സാന്ത്വന പരിചരണമേകി. 30 കുടുംബങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്‌തു. അതിദരിദ്ര കുടുംബങ്ങളിൽ അടിയന്തര ചികിത്സാസഹായം ആവശ്യമുള്ളവർക്ക് മെഡിക്കൽ ബോർഡ് ശുപാർശയോടെ വൈദ്യസഹായവും നൽകി.
വരുമാനം ഉറപ്പാക്കി
ജില്ലയിലെ 218 കുടുംബങ്ങൾക്ക് വരുമാനം ഉറപ്പാക്കാൻ കഴിഞ്ഞു. കുടുംബശ്രീ ഉജ്ജീവനം പദ്ധതിയിലൂടെയും തദ്ദേശസ്ഥാപനങ്ങൾ, മറ്റുവകുപ്പുകൾ എന്നിവ വഴിയുമാണ് വരുമാനമാർഗങ്ങൾ ലഭ്യമാക്കിയത്.
സ്വന്തമായി മണ്ണും വീടും
വീടുമാത്രം ആവശ്യമായ 259 കുടുംബങ്ങൾക്ക് പാർപ്പിടം നിർമിച്ചു. ഇതിനുപുറമേ വസ്‌തുവും വീടും വേണ്ടിവന്നത് 181 കുടുംബങ്ങൾക്കാണ്. ഇതിൽ 34 കുടുംബങ്ങൾക്ക് റവന്യു പുറന്പോക്ക് പട്ടയം നൽകി. ശേഷിക്കുന്നവർക്ക് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, തദ്ദേശസ്ഥാപനങ്ങൾ മുഖാന്തരം സ്ഥലം കണ്ടെത്തി. ഇൗ വിഭാഗത്തിൽ 146 കുടുംബങ്ങൾക്ക് വീട് നിർമാണം പൂർത്തിയാക്കി. 35 കുടുംബങ്ങളുടെ വീട് നിർമാണം പുരോഗതിയിലാണ്. നിർമാണം പൂർത്തിയാകാത്തവർക്ക് തദ്ദേശസ്ഥാപനങ്ങൾവഴി വാടകവീട് സൗകര്യം നൽകി. 358 കുടുംബങ്ങളുടെ വീടുകൾ പുനരുദ്ധാരണം നടത്തി വാസയോഗ്യമാക്കി.
അവകാശരേഖകൾ നൽകി
മുഴുവൻ ഗുണഭോക്താക്കൾക്കും ആവശ്യമായ അവകാശരേഖകൾ നൽകി. അതിദാരിദ്ര്യ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. ബസുകളിൽ സൗജന്യ യാത്രാപാസും അനുവദിച്ചു.









0 comments