എടുത്തുവച്ചോ ഇ–മാലിന്യം; 
ഹരിതകർമസേന വരും, കാശുമായി

e waste
വെബ് ഡെസ്ക്

Published on Jul 13, 2025, 03:45 AM | 1 min read

കൊച്ചി

ഇ–-മാലിന്യം ഇനി തലവേദനയാകില്ല, കാശാകും. വീടുകളിൽനിന്ന്‌ വിലനൽകി ശേഖരിക്കാൻ ഒരുങ്ങുകയാണ്‌ ഹരിതകർമസേനാംഗങ്ങൾ. മാലിന്യത്തിന്റെ അളവനുസരിച്ചാണ്‌ വീട്ടുകാർക്ക്‌ പണം ലഭിക്കുക. തദ്ദേശവകുപ്പ്‌ നേതൃത്വത്തിലുള്ള ഇ–-മാലിന്യ ശേഖരണയജ്ഞത്തിനുള്ള ഒരുക്കം ജില്ലയിൽ തുടങ്ങി.



ആദ്യഘട്ടത്തിൽ കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നായിരിക്കും മാലിന്യമെടുക്കുക. ഇതിനുമുന്നോടിയായി ഇവിടങ്ങളിലെ ഉദ്യോഗസ്ഥയോഗം തിങ്കളാഴ്ച ചേരും. തുടർന്ന്‌ ഹരിതകർമസേനാംഗങ്ങൾക്ക്‌ പരിശീലനം നൽകും. പുനഃചംക്രമണത്തിന്‌ (റീ സൈക്ലിങ്‌) യോഗ്യമായ ഇ–-മാലിന്യത്തിനാണ്‌ പണം ലഭിക്കുക. ശേഖരിക്കുന്ന മാലിന്യം ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക്‌ കൈമാറും. കമ്പനി ഹരിതകർമസേനയ്‌ക്കുള്ള പണം കൈമാറും.



ശേഖരിക്കേണ്ട ഇ–-മാലിന്യങ്ങൾ, പുനഃചംക്രമണ സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ, ഇ–-മാലിന്യത്തിന്റെ വില, ഭവിഷ്യത്തുകൾ എന്നിവ കേന്ദ്രീകരിച്ചാണ്‌ ഹരിതകർമസേനാംഗങ്ങൾക്ക്‌ പരിശീലനം. ഇവർ ശേഖരിക്കുന്ന മാലിന്യം എംസിഎഫ്‌, കണ്ടെയ്‌നർ എംസിഎഫ്‌ എന്നിവകളിൽ സൂക്ഷിക്കും. ഇവിടെനിന്ന്‌ നിശ്ചിതദിവസം ക്ലീൻ കേരള കമ്പനിയിലേക്ക്‌ എത്തിക്കും. രണ്ടാംഘട്ടത്തിൽ പഞ്ചായത്തിലേക്കും ഡ്രൈവ്‌ വ്യാപിപ്പിക്കും.



പുനഃചംക്രമണത്തിന്‌ പറ്റുന്നവയ്ക്ക്‌ പണം


ഹരിതകർമസേനാംഗങ്ങൾ പണം നൽകി ശേഖരിക്കുന്നത്‌ പുനഃചംക്രമണം ചെയ്യാൻ കഴിയുന്ന ഇ–-മാലിന്യങ്ങൾമാത്രമാണ്‌. അപകടകരമായതും ശേഖരിക്കുമെങ്കിലും ഇതിന്‌ പണം ലഭിക്കില്ല. 43 ഇനം മാലിന്യങ്ങളാണ്‌ പണം നൽകിയെടുക്കുന്നത്‌. മൊബൈൽ ഫോൺ, മൗസ്‌, കീബോർഡ്‌, റഫ്രിജറേറ്റർ, വാഷിങ്‌ മെഷീൻ, ഫാൻ, ലാപ്‌ടോപ്, സിപിയു, സിആർടി ടെലിവിഷൻ, എൽസിഡി ടിവി, എൽഇഡി ടിവി, മൈക്രോവേവ്‌ ഓവൻ, എസി, സ്‌പീക്കർ, ഹെഡ്‌ഫോൺ, ചാർജർ തുടങ്ങിയവയാണ്‌ ഇതിൽ ഉൾപ്പെടുന്നത്‌.



ക്ലീൻ കേരള ഇതുവരെ ശേഖരിച്ചത്‌ 
41,116.37 കിലോ ഇ–-മാലിന്യം


ജില്ലയിൽ ക്ലീൻ കേരള കമ്പനി വിവിധ സ്ഥാപനങ്ങളിൽനിന്ന്‌ കഴിഞ്ഞ സാമ്പത്തികവർഷം ശേഖരിച്ചത്‌ 29,678.37 കിലോ ഇ–-മാലിന്യം. ഇതിൽ 19,650.27 കിലോ പുനഃചംക്രമണം നടത്താൻ കഴിയുന്നതും 10,028.10 കിലോ അപകടകരമായതുമാണ്‌. നടപ്പ്‌ സാമ്പത്തികവർഷം ജൂൺവരെ 11,123 കിലോ പുനഃചംക്രമണം നടത്താനാകുന്നതും 315 കിലോ ഇതിന്‌ സാധ്യമാകാത്തതും ശേഖരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home