കെറ്റാമെലോൺ ഉള്ളറകൾ കണ്ടെത്താൻ എൻസിബി

കൊച്ചി
കെറ്റാമെലോൺ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലവഴിയുള്ള ലഹരിവിൽപ്പനയിൽ അറസ്റ്റിലായവരെ തിങ്കളാഴ്‌ച കസ്റ്റഡിയിൽ ലഭിച്ചേക്കും. മൂവാറ്റുപുഴ സ്വദേശി എഡിസൺ, കൂട്ടാളി അരുൺ തോമസ്, മറ്റൊരു കേസിൽ അറസ്റ്റിലായ റിസോർട്ട് ഉടമ കെ വി ഡിയോൾ എന്നിവരെയാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അഞ്ചുദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം ഡിജിറ്റൽ തെളിവുകളും കൈമാറിയിട്ടുണ്ട്.
മൂന്നുപേരെയും വിശദമായി ചോദ്യംചെയ്യുന്നതോടെ ഡാർക്ക്‌നെറ്റ് വഴിയുള്ള കോടികളുടെ ലഹരിയിടപാടുകൾ, ഇതിനുപിന്നിലുള്ളവർ, ലഹരിയുടെ ഉറവിടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ഇംഗ്ലണ്ടിലെ ഗുംഗദിൻ, യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമുള്ളവർ അംഗങ്ങളായ ഡോ. സ്യുസ് ഡാർക്ക്‌നെറ്റ് ശൃംഖലകളെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. എഡിസണിൽനിന്ന് ലഹരി വാങ്ങിയ ചിലരെ ഇതിനകം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്ക് വിദേശത്തുനിന്നെത്തിയ പാഴ്‌സലുകളുടെ പൂർണവിവരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. എത്രതവണ വിദേശത്തുനിന്ന് പാഴ്‌സൽ എത്തിച്ചെന്നറിയാനും ഇയാൾ ബന്ധം പുലർത്തിയിരുന്ന മറ്റു ഡാർക്ക്‌നെറ്റ് ശൃംഖലകളെക്കുറിച്ചും എൻസിബി അന്വേഷിക്കുന്നുണ്ട്. എൻസിബിയുമായി സഹകരിക്കുന്ന രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളും എഡിസണുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങൾ തേടി.
എഡിസൺ, അരുൺ തോമസ്, ഡിയോൾ എന്നിവർ സഹപാഠികളാണ്. വാഗമണ്ണിലെ റിസോർട്ടിൽ ഇവർ ഒത്തുകൂടാറുണ്ടായിരുന്നു. മൂവരും ലഹരിയിടപാടുകൾ നടത്തിയിരുന്നു. എന്നാൽ, കെറ്റാമെലോൺ ഡാർക്ക്‌നെറ്റുമായി ഡിയോളിനും ഭാര്യക്കും ബന്ധമുണ്ടോയെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. ഇവരുടെപേരിലും എഡിസൺ പാഴ്‌സലുകൾ എത്തിച്ചിരുന്നെന്നും അയച്ചിരുന്നെന്നും എൻസിബിക്ക് വിവരം ലഭിച്ചു.
2023-ൽ കൊച്ചി വിദേശ പോസ്റ്റ് ഓഫീസിൽ പിടിച്ചെടുത്ത കെറ്റാമിനുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഡിയോളും ഭാര്യ അഞ്‌ജുവും പിടിയിലായത്.
നാലുമാസം നീണ്ട ‘മെലോൺ’ ദൗത്യത്തിനൊടുവിലാണ് എൻസിബി കൊച്ചി യൂണിറ്റ് കെറ്റാമെലോൺ ശൃംഖല തകർത്തതും എഡിസനെ പിടിച്ചതും. വീട്ടിലെ പരിശോധനയിൽ 1127 എൽഎസ്‌ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമിനും പിടിച്ചെടുത്തു. ഇതിന് 35.12 ലക്ഷം രൂപ മൂല്യംവരും. 70 ലക്ഷം രൂപയ്‌ക്കുതുല്യമായ ക്രിപ്‌റ്റോ കറൻസിയും പിടിച്ചു. ഇടപാടിന് ഉപയോഗിച്ചിരുന്ന പെൻഡ്രൈവ്, ഹാർഡ്‌ഡിസ്‌ക് ഉൾപ്പെടെ ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. ഡാർക്ക്‌നെറ്റ് ഉപയോഗിക്കാൻ സഹായിക്കുന്ന കൈറ്റ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം അടങ്ങിയ പെൻഡ്രൈവും പിടിച്ചെടുത്തിരുന്നു.
നഗരത്തിലെ രാസലഹരിവേട്ട
ചേരാനല്ലൂർ സ്വദേശി കുവൈത്തിലേക്കും എംഡിഎംഎ അയച്ചു
നഗരത്തിൽ നടന്ന വൻ രാസലഹരിവേട്ടയിൽ അറസ്റ്റിലായയാൾ കുവൈത്തിലേക്കും മയക്കുമരുന്ന് കടത്തിയിരുന്നതായി കണ്ടെത്തി. ചേരാനല്ലൂർ ഇടയക്കുന്നം മാതിരപ്പിള്ളിവീട്ടിൽ അമൽ ജോർജ് ഷെൻസനാണ് ആറുവർഷംമുമ്പ് കുവൈത്തിലേക്ക് മയക്കുമരുന്ന് അയച്ചത്. കുവൈത്തിലേക്ക് പോയ സുഹൃത്തിനെ ഉപയോഗിച്ചായിരുന്നു എംഡിഎംഎ കടത്തിയത്. എന്നാൽ, സുഹൃത്ത് ഇക്കാര്യം അറിഞ്ഞിരുന്നില്ല. കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ബാഗേജിൽ എംഡിഎംഎ കണ്ടെത്തിയതിനെ തുടർന്ന് സുഹൃത്ത് പിടിയിലായി. കേസിൽ കുവൈത്ത് ജയിലിൽ ശിക്ഷ അനുഭവിക്കുകയും ചെയ്‌തു. കുവൈത്തിലുള്ള മറ്റൊരു സുഹൃത്തിന് നൽകാനാണ് അമൽ എംഡിഎംഎ അയച്ചതെന്നാണ് കണ്ടെത്തൽ.
അമൽ ഏതൊക്കെ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് അയച്ചിരുന്നു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കൊച്ചി സിറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്. ഇയാൾക്ക് വിദേശ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്. അമലിന്റെ സാമ്പത്തിക ഇടപാടുകളും ഫോൺവിളി വിവരങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.
കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച നടന്ന പരിശോധനയിൽ കാക്കനാട് അത്താണി ജങ്‌ഷനുസമീപമുള്ള ലോഡ്ജിൽനിന്നാണ് 203.71 ഗ്രാം എംഡിഎംഎയുമായി അമൽ പിടിയിലായത്.









0 comments