ജനകീയസഭ പ്രവർത്തനം ഊർജിതം
മയക്കുമരുന്ന് മാഫിയയെ അമർച്ചചെയ്യാൻ നാടൊരുങ്ങുന്നു

കൊച്ചി
ഭാവിതലമുറയെ ദുരിതത്തിലേക്ക് തള്ളിവിടുന്ന മയക്കുമരുന്ന് മാഫിയയെ അമർച്ചചെയ്യാൻ നാടൊരുങ്ങുന്നു. സിപിഐ എം ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച ജനകീയസഭയുടെ നേതൃത്വത്തിലാണ് ജില്ലയിലാകെ മയക്കുമരുന്നിനെതിരെ വ്യാപക ബോധവൽക്കരണം നടത്തുന്നത്. 10ന് 15 കേന്ദ്രങ്ങളിൽ 15,000 പേരെവീതം അണിനിരത്തി മയക്കുമരുന്നിനെതിരെ ജനകീയകോട്ട ഒരുക്കുന്നതിന്റെ പ്രചാരണം നാടാകെ ഏറ്റെടുത്തുകഴിഞ്ഞു.
രാസലഹരി ഉൾപ്പെടെ വിതരണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന മുഴുവൻ മയക്കുമരുന്ന് മാഫിയകളെയും അമർച്ചചെയ്യാൻ സംസ്ഥാന സർക്കാരിന്റെ പൊലീസ്, എക്‌സൈസ് സംവിധാനങ്ങൾക്ക് പൂർണ പിന്തുണ നൽകിയാണ് ജനകീയസഭയുടെ പ്രവർത്തനം. വളന്റിയർമാർ ഭവനസന്ദർശനം നടത്തി ലഘുലേഖകൾ വിതരണം ചെയ്‌തു. പോസ്‌റ്ററുകളും പ്ലാസ്‌റ്റിക്കേതര ബോർഡുകൾവഴിയും പ്രചാരണം നടക്കുന്നുണ്ട്. നവമാധ്യമങ്ങൾ കൂട്ടമായി ജനകീയസഭയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നു. യൂണിറ്റ്‌തലത്തിൽ 3000 കേന്ദ്രങ്ങളിൽ ജനകീയ ജാഗ്രതസമിതികളുടെ രൂപീകരണം ആരംഭിച്ചു. ലോക്കൽ കേന്ദ്രങ്ങളിൽ പരിശോധനാ ബ്രിഗേഡുകളും സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പ്രതിരോധസംവിധാനവും ഒരുക്കുന്നുണ്ട്.









0 comments