മനംകവർന്ന് രാഷ്‌ട്രപതി, സ്‌നേഹസമ്മാനങ്ങൾ ഏറ്റുവാങ്ങി മടക്കം

കൊച്ചി
സെന്റ് തെരേസാസ് കോളേജ് ശതാബ്‌ദി ആഘോഷ ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു പ്രസംഗം ആരംഭിച്ചതും അവസാനിപ്പിച്ചതും മലയാളത്തിൽ. ‘പ്രിയപ്പെട്ട വിദ്യാർഥിനികളെ, എല്ലാവർക്കും എന്റെ നമസ്‌കാരം’ എന്ന തുടക്കത്തിലെ അഭിസംബോധനയെ കരഘോഷത്തോടെയാണ് നിറഞ്ഞസദസ്സ് വരവേറ്റത്.
കോളേജിന്റെ ഔട്ട് റീച്ച് പ്രോഗ്രാമുകള്‍ക്ക് വ്യാപക അംഗീകാരങ്ങള്‍ ലഭിച്ചതില്‍ താൻ സന്തുഷ്ടയാണെന്ന രാഷ്‌ട്രപതിയുടെ വാക്കുകൾ സദസ്സിന് ഉൗർജമേകി. ദുര്‍ബലര്‍ക്ക് സേവനം നല്‍കുന്നതിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിസ്വാര്‍ഥ സേവനങ്ങള്‍ നല്‍കുന്നതിലും വിദ്യാര്‍ഥികള്‍ നടത്തുന്ന ഇടപെടലിനെ രാഷ്‌ട്രപതി പ്രശംസിച്ചു. പ്രദേശത്തെ താലൂക്കുകളിലും പഞ്ചായത്തുകളിലും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്ന കോളേജിന്റെ പദ്ധതികളായ റേഡിയോ കൊച്ചി 90 എഫ്എം, സ്ലേറ്റ് എന്നിവ സമൂഹത്തിനു നല്‍കുന്ന സേവനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ‘എല്ലാവർക്കും എന്റെ ആശംസകൾ’ എന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രസംഗം അവസാനിച്ചത്.

എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി
ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കോളേജിന്റെ ഉപഹാരം പ്രിൻസിപ്പൽ ഡോ. അനു ജോസഫ് സമ്മാനിക്കുന്നു
രാഷ്ട്രപതിക്ക് കൈമാറാൻ അമൂല്യ സ്നേഹോപഹാരങ്ങളും കോളേജ് ഒരുക്കിയിരുന്നു. ഗുജറാത്തിലെ സുരേന്ദ്രനഗറിൽനിന്നുള്ള ലോകപ്രശസ്തമായ ‘പട്ടോള' വസ്ത്രം പ്രിൻസിപ്പൽ ഡോ. അനു ജോസഫ് സമ്മാനിച്ചു. മൾബറി സിൽക്കിൽ തീർത്തതാണിത്. ഒഡിഷയുടെ പാരമ്പര്യ കലാരൂപമായ ‘പട്ടചിത്ര', പുരാതന ഇന്ത്യൻ പാരമ്പര്യ വിനോദമായ ‘ബാഗ് ബക്കർ' (ബോർഡ് ഗെയിം) എന്നിവയും സമ്മാനിച്ചു.
‘രാഗ് മല്‍ഹാര്‍' എന്ന ശുദ്ധമായ സുഗന്ധതൈലം, കാഞ്ചീപുരം പട്ടുസാരി, ഉത്തര്‍പ്രദേശിലെ ഖുര്‍ജ നഗരത്തില്‍നിന്നുള്ള കളിമൺ കപ്പ് എന്നിവയും രാഷ്‌ട്രപതി സ്വീകരിച്ചു.
ചടങ്ങിന് മുന്നോടിയായി വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കുമൊപ്പം ഗ്രൂപ്പ് ഫോട്ടോയ്‌ക്കും പോസ് ചെയ്‌തു.









0 comments