തളർന്ന തെരുവുനായക്ക് വാഹനം നിർമിച്ചുനൽകി അഗ്നി രക്ഷാസേന

കെ ആർ ബൈജു
Published on Apr 16, 2025, 03:38 AM | 1 min read
മുളന്തുരുത്തി
വാഹനമിടിച്ച് പിൻഭാഗം തളർന്ന തെരുവുനായക്ക് "നടക്കാൻ' മുളന്തുരുത്തിയിലെ അഗ്നി രക്ഷാസേനയിലെ ഉദ്യോഗസ്ഥർ വാഹനം നിർമിച്ച് നൽകി. ഒരാഴ്ച മുമ്പാണ് അപകടത്തിൽപ്പെട്ട നായയെ അഗ്നി രക്ഷാനിലയത്തിന്റെ പരിസരത്ത് കാണുന്നത്. ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകിയെങ്കിലും നായ അവശതയിലായിരുന്നു. അപകടത്തെത്തുടർന്ന് റോഡിലൂടെ ഇഴഞ്ഞുനീങ്ങാൻ ശ്രമിച്ചതിനാൽ തൊലിയും പോയിരുന്നു. ഏറ്റെടുക്കാനും ആരുമെത്തിയില്ല. തുടർന്നാണ് സേനാംഗങ്ങളായ കെ ബി പ്രശാന്ത്, അഖിൽ കുമാർ, ആർ രാജേഷ് എന്നിവർ നായക്ക് നടക്കാൻ സഹായിക്കാനുള്ള വഴി ആലോചിച്ചത്.
വിദേശരാജ്യങ്ങളിൽ പിൻഭാഗം തളർന്ന നായക്കൾക്കുവേണ്ടി പ്രത്യേക വണ്ടികളുണ്ടെങ്കിലും ഇവിടെ ലഭ്യമല്ല. വലിയ മുതൽമുടക്കിൽ നിർമിക്കുന്നത് പ്രായോഗികവുമല്ല. തുടർന്ന് യൂുട്യൂബിലെ മാതൃകയിൽ പിവിസി പൈപ്പും ചക്രവും വാങ്ങി ഒരെണ്ണം നിർമിക്കുകയായിരുന്നു. വാഹനത്തിനായി ചുരുങ്ങിയ ചെലവേ വന്നുള്ളൂ. വാഹനം ഘടിപ്പിച്ചതോടെ നായ ഉഷാറായി.
അഗ്നി രക്ഷാനിലയത്തിന്റെ കാവലും ഏറ്റെടുത്തു. ഫയർ ഓഫീസർ ഇസ്മയിൽ ഖാന്റെ നേതൃത്വത്തിലാണ് നായയെ സംരക്ഷിക്കുന്നത്. സ്റ്റേഷനിലെ ഡ്രൈവർ കെ ബി പ്രശാന്തിന് കെഎസ്ആർടിസി വർക്ഷോപ്പിൽ മെക്കാനിക്കായുള്ള തൊഴിൽപരിചയം വാഹനനിർമാണത്തിന് തുണയായി. നടക്കാൻ മാത്രമല്ല, നായക്ക് ഇരിക്കാനും കഴിയുന്നവിധത്തിലാണ് വാഹനത്തിന്റെ രൂപകൽപ്പന.








0 comments